ഗണേശോത്സവത്തിനിടെ വയോധികയെ മർദിച്ച സംഭവം; പ്രതിഷേധം വ്യാപകം
text_fieldsപന്തളം: ഗണേശോത്സവ ദിനത്തിൽ വയോധികയെ മർദിച്ച സംഭവത്തിൽ പ്രതിഷേധം പടരുന്നു. സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്ന സാമൂഹികദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കെ.എം.വൈ.എഫ് അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഗണേശോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന റാലിയിൽ പങ്കെടുത്ത ചിലർ കാറിൽ സഞ്ചരിച്ച വയോധിക അടങ്ങുന്ന കുടുംബത്തെ അക്രമിക്കുകയും കൂടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധങ്ങൾ ഉയരുമെന്നും കെ.എം.വൈ.എഫ് താലൂക്ക് പ്രസിഡന്റ് താജുദ്ദീൻ കല്ലുകിഴക്കേതിൽ പറഞ്ഞു. കബീർ മൗലവി ഐവർകാല, അൻവർ മൗലവി ഏഴംകുളം, ആഷിക്ക് മണ്ണടി, ത്വൽഹ ഏഴംകുളം, എന്നിവർ സംസാരിച്ചു.
സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാതെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. ഷെരീഫ് ആവശ്യപ്പെട്ടു.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം -വിമൻ ഇന്ത്യ മൂവ്മെന്റ്
പന്തളം: ഗണേശോത്സവ ഘോഷയാത്രക്കിടെ പന്തളം മുട്ടാറിൽ അടൂർ ഏനാദിമംഗലം സ്വദേശിയായ സുബൈദ ബീവിയെ ആക്രമിച്ച ആർ.എസ്.എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ല ട്രഷറർ ഖദീജ അൻസാരി ആവശ്യപ്പെട്ടു.
ആക്രമണത്തിനിരയായ വയോധികയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. കാര്‍ ഓടിക്കുകയായിരുന്ന ചെറുമകൻ റിയാസ് (32), ഭാര്യ അല്‍ഷിഫ (24), മകള്‍ അസ്വ (രണ്ട്) എന്നിവരെ അക്രമികള്‍ അസഭ്യം പറയുകയും ചെയ്തു. ഇതുവരെയും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. സംഭവത്തിന്റെ തുടക്കം മുതൽതന്നെ പൊലീസ് ഇടപെടലിൽ ദുരൂഹതയുണ്ട്. കേസെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. സമ്മർദങ്ങൾക്കൊടുവിലാണ് കേസെടുക്കാൻ പോലും പൊലീസ് തയാറായത്.
പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നത് പിണറായി പൊലീസ് ആർ.എസ്.എസ് കൂട്ടുകെട്ടിന്റെ ഭാഗമാണ്.സംഘ്പരിവാർ നീക്കത്തിനെതിരെ ജനാധിപത്യ- മതേതര സമൂഹം ഉണർന്നിരിക്കണമെന്നും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും ഖദീജ അൻസാരി ആവശ്യപ്പെട്ടു. വിമൻ ഇന്ത്യ മൂവ്മെന്റ് പന്തളം മുനിസിപ്പൽ സെക്രട്ടറി മിനീഷ മുജീബ്, നസീമ നാസർ എന്നിവരും ഒപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.