പന്തളത്ത് ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷം; കുരമ്പാല ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു
text_fieldsപന്തളം: ബി.ജെ.പിയിൽ പന്തളത്ത് വിഭാഗീയത രൂക്ഷമാകുന്നു. കുരമ്പാല ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ബി.ജെ.പിക്ക് പന്തളം നഗരസഭയിൽ ഭരണം ലഭിച്ചതുമുതൽ ആരംഭിച്ച പടലപ്പിണക്കം പുതിയ ഭാരവാഹികൾ പാർട്ടിനേതൃത്വം ഏറ്റെടുത്തിട്ടും അവസാനിച്ചില്ല. പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് കുരമ്പാല ഏരിയ കമ്മിറ്റി പൂർണമായും രാജിവെച്ചിരിക്കുകയാണ്. പാർട്ടിയിൽ വിഭാഗീയത രൂക്ഷമായപ്പോൾ അടൂർ മണ്ഡലം കമ്മിറ്റി വിഭജിച്ച് പന്തളം കേന്ദ്രീകരിച്ച് പുതിയ കമ്മിറ്റിയും നിലവിൽ വന്നു.
പുതിയ കമ്മിറ്റി നിലവിൽ വന്നപ്പോൾ മണ്ഡലം പ്രസിഡന്റായി പ്രതീക്ഷിച്ചിരുന്ന വ്യക്തിയെ ഒഴിവാക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മത്സരിച്ചു തോറ്റയാളെയാണ് മണ്ഡലം പ്രസിഡന്‍റാക്കിയതെന്ന് ആക്ഷേപമുണ്ട്. അന്ന് വിമത സ്ഥാനാർഥികളെ നിർത്തിയവരെ ഇപ്പോൾ ചുമതല നൽകി പ്രധാന നേതാക്കളാക്കാനും പാർട്ടി ശ്രമിക്കുന്നതായി ഒരുവിഭാഗം ആരോപിക്കുന്നു. പാർട്ടി നേതൃത്വത്തിന്‍റെ നടപടി അണികളിലും അസംതൃപ്തി പടർത്തിയിട്ടുണ്ട്. അതേസമയം, പാർട്ടിയിൽ പടലപ്പിണക്കം മുറുകുന്നതിനിടെ മുതലെടുപ്പിന് എൽ.ഡി.എഫ് രംഗത്തുണ്ട്. ബി.ജെ.പിയിലെ അസംതൃപ്തരെ സി.പി.എം പാളയത്തിൽ എത്തിക്കാനും അണിയറ നീക്കം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.