കെട്ടിട നികുതി പരിഷ്ക്കരണം; നിരക്ക് നിശ്ചയിച്ചതിൽ പങ്കില്ലെന്ന് പന്തളം നഗരസഭാ ചെയർപേഴ്സൺ
text_fieldsപന്തളം: പന്തളം നഗരസഭയിൽ കെട്ടിട നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്.
മുമ്പ് പന്തളം ഗ്രാമപഞ്ചായത്തായിരിക്കെ 2013 ലും പിന്നീട് നഗരസഭയായിരിക്കെ 2016ലും നടക്കേണ്ടിയിരുന്ന വസ്തു നികുതി പരിഷ്കാരമാണ് ഇപ്പോൾ നടപ്പിലാക്കിയത്. ഇതിന്റെ താരിഫുകൾ നിശ്ചയിച്ചതിൽ ഇപ്പോഴത്തെ ഭരണസമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. 2011ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നികുതി പരിഷ്കരിച്ചത്. ഓൺലൈനിൽ ആക്കിയപ്പോൾ പന്തളത്തെ മാത്രം ബന്ധപ്പെട്ടവരുടെ വീഴ്ച മൂലം പരിഷ്കരണം നടന്നില്ല.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. വസ്തു നികുതി പരിഷ്കരണം നടത്തുമ്പോൾ കെട്ടിടങ്ങൾക്ക് ഘടനാപരമായി മാറ്റം ഉണ്ടെങ്കിൽ വാസഗൃഹങ്ങൾക്ക് 60 ശതമാനവും വാണിജ്യ കെട്ടിടങ്ങൾക്ക്100 ശതമാനവും പരമാവധി വർധന വരുത്താമെന്ന് സർക്കാർ ഉത്തരവുണ്ട്. സർക്കാറിന്റെ സോഫ്ട് വെയറായ സഞ്ചയ യിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിൽ കൗൺസിലർമാർക്ക് ആർക്കും ബന്ധമില്ല. കെട്ടിടങ്ങൾക്ക് ഘടനാപരമായി മാറ്റം ഉണ്ടെങ്കിൽ പുതിയ നികുതി വരും.
2022 ൽ നമ്പർ നൽകിയപ്പോൾ താൽക്കാലിക നമ്പർ നൽകിയതിൽ ധാരാളം പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭയിലെ 33 വാർഡുകളിലും ജനകീയ അദാലത്തുകൾ സംഘടിപ്പിച്ച് പരാതികൾക്ക് പരിഹാരം കണ്ടെത്തിയിട്ടുള്ളതാണ്. 80 ശതമാനത്തോളം കെട്ടിടങ്ങളും വിവരങ്ങൾ ഇതിനകം ഓൺലൈനിൽ ആയിട്ടുണ്ട്. ഇത് നടപ്പിലാക്കിയതിന് പന്തളം നഗരസഭയ്ക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമോദനം ലഭിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.
150 ശതമാനം പിഴപ്പലിശ ഈടാക്കി എന്ന പ്രചരണം തെറ്റാണ്. മാർച്ച് 31 വരെ ആരിൽ നിന്നും പിഴപ്പലിശ ഈടാക്കിയിട്ടില്ല. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സൺ സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സൺ യു. രമ്യ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.സീന, രാധാ വിജയകുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.