യുവാവിനെ ആക്രമിച്ചതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് നിഗമനം
text_fieldsപരിസരങ്ങളിലെ
സി.സി ടി.വി കാമറകൾ
പരിശോധിക്കുന്നു
പന്തളം: തട്ട ഒരിപ്പുറത്ത് ഉത്സവം കണ്ടുമടങ്ങിയ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘമെന്ന് നിഗമനം.
വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നന്ദകുമാറിന്റെ മകൻ നിധിൻ കുമാറിനാണ് (28) ബുധനാഴ്ച പുലർച്ച 12.30ഓടെ നരിയാപുരം സെൻറ് പോൾസ് സ്കൂളിനു സമീപം വെട്ടേറ്റത്. ആക്രമണത്തിന്റെ രീതി പരിശോധിച്ചാൽ ക്വട്ടേഷൻ സംഘം ആകാമെന്നാണ് പൊലീസ് നിഗമനം.
നിധിൻ ബോധം വീണ്ടെടുത്താൽ മാത്രമേ നിജസ്ഥിതി അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. പന്തളം പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് പരിസരങ്ങളിൽ സി.സി ടി.വി കാമറകളും പരിശോധന വിധേയമാക്കിയിട്ടുണ്ട്.
വടിവാൾ ആക്രമണത്തിൽ തലയോട് പൊട്ടി, തലച്ചോറിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയിൽ നിധിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴുത്തിനും കാലിനും മാരകമായി വെട്ടേറ്റിട്ടുണ്ട്. ബൈക്കിൽ മടങ്ങുകയായിരുന്ന നിധിനെയും സുഹൃത്തുക്കളയും കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.
മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കി പാഞ്ഞടുത്തതോടെ നിധിന് ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. മുൻ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്നും സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.