പന്തളത്ത് ബി.ജെ.പിയില്‍ കലഹം: നഗരസഭ ഭരണത്തെച്ചൊല്ലിയാണ് പ്രശ്നങ്ങൾ
text_fieldsപന്തളം: നഗരസഭ ഭരണത്തെച്ചൊല്ലി പന്തളത്ത് ബി.ജെ.പിയില്‍ കലഹം രൂക്ഷം. ചെയര്പേഴ്സൻ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് തർക്കങ്ങൾക്ക് കാരണമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചെയര്പേഴ്സെൻറ നടപടി പലതും ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണെന്നാണ് ആരോപണം.
ഇതിെൻറ പേരിൽ പ്രതിപക്ഷം നിരന്തരം സമരം നടത്തുന്ന അവസ്ഥയാണ് പന്തളം നഗരസഭയിൽ. അതിെൻറ ഏറ്റവും ഒടുവിെല ഉദാഹരണം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ച് അവരുടെ ശിപാര്‍ശ പ്രകാരം കൗണ്‍സില്‍ കൂടി അംഗീകരിച്ച്, ഇൻറര്‍വ്യൂ ബോര്‍ഡിനെയും നിശ്ചയിച്ചു പത്രത്തില്‍ പരസ്യം നൽകി വേണം നിയമന നടപടി.
എന്നാല്‍, ഈ ചട്ടം പാലിക്കാതെയും സ്വന്തം പാര്‍ട്ടിക്കാരായ കൗണ്‍സിലര്‍മാരെപ്പോലും അറിയിക്കാതെയും തനിക്കു വേണ്ടപ്പെട്ടയാളില്നിന്ന് അപേക്ഷ വാങ്ങി ഇൻറര്‍വ്യൂവിനു തീരുമാനിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഇതറിഞ്ഞ പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തിൽ ശക്തമായി പ്രതികരിച്ചതോടെയാണു ചെയര്പേഴ്സെൻറ സ്വന്തം പാര്‍ട്ടിയായ കൗണ്‍സിലര്‍മാരും അറിയുന്നത്.
പാര്‍ട്ടി അണികളെ ചൊടിപ്പിച്ച മറ്റൊരു സംഭവമാണ് ക്ഷേമപെന്ഷന് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. പന്തളം സർവിസ് സഹകരണ ബാങ്കിെൻറ ഡയറക്ടര്‍ ബോര്‍ഡ് അംഗം മരിച്ച ആളിെൻറ കള്ളയൊപ്പിട്ട് പെൻഷൻ തട്ടിയെടുത്തതിനെതിരെ നഗരസഭ സെക്രട്ടറി പൊലീസില്‍ പരാതി നൽകിയിരുന്നു.
ഈ സംഭവം സ്വന്തം പാര്‍ട്ടിയെ അറിയിക്കാതെ രഹസ്യമാക്കി വച്ചതുകൂടാതെ, കേസില്‍പ്പെട്ട നേതാവിനൊപ്പം സ്റ്റേഷനില്‍പോയി അവര്‍ക്കനുകൂലമായ നിലപാട് ചെയര്പേഴ്ൻ സ്വീകരിച്ചതായും പറയുന്നു. ആര്.എസ്.എസുമായി തര്‍ക്കം രൂക്ഷമായത് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേരാനും കാരണമായി. ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത് യുവമോർച്ച മുൻ ജില്ല സെക്രട്ടറിയാണ്.
സംസ്ഥാന നേതാക്കള്‍ പന്തളത്ത് വരുമ്പോള്‍ പ്രാദേശിക നേതാക്കളെ ഒഴിവാക്കി നേരിട്ടു നഗരസഭയിലെ ചെയർപേഴ്സനെയും ബി.ജെ.പി കൗൺസിലർമാരെയും വിളിച്ച് യോഗം ചേരുന്നതും പന്തളത്തെ പ്രവർത്തകരിൽ കടുത്ത പ്രതിഷേധമുണ്ടാക്കി. പന്തളത്തെ പ്രവർത്തകരും നേതാക്കളും രാപ്പകൽ കഠിനാധ്വാനം ചെയ്തതിെൻറ ഫലമാണ് നഗരസഭ ഭരണം സി.പി.എമ്മിൽനിന്ന് പിടിച്ചെടുക്കാനായത്. അതിനാൽ തങ്ങളെ ഒഴിവാക്കിയുള്ള ഒരു നടപടിയും അംഗീകരിക്കില്ലെന്നാണു പ്രവർത്തകരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.