പന്തളം നഗരസഭ; അമൃത് കുടിവെള്ള പദ്ധതിയിൽ അഴിമതി
text_fieldsപന്തളം: നഗരസഭയിൽ അമൃത് കുടിവെള്ള പദ്ധതിയിൽ അഴിമതിയെന്ന് യു.ഡി.എഫ്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന അമൃത് കുടിവെള്ള പദ്ധതി എല്ലാവർക്കും കുടിവെള്ളമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ചെങ്കിലും വാർഡിലെ മൂന്നിലൊന്ന് ആളുകൾക്കു പോലും കണക്ഷൻ നൽകാനായിട്ടില്ല.
പൈപ്പ് ഇടാൻ റോഡുകളിലെ കോൺക്രീറ്റും ടാറിംഗും വെട്ടിപ്പൊളിച്ചു പൈപ്പിടുമ്പോൾ പൊളിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കുമെന്നാണ് കരാറിൽ പറയുന്നത്. എന്നാൽ, ഇവ പൂർത്തിയാക്കാതെ കരാറുകാർക്ക് പണം നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ട്.
പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാതെ കരാറുകാർക്ക് പണം നൽകരുതെന്ന് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ ആവശ്യപ്പെട്ടെങ്കിലും അത് മുഖവിലയ്ക്കെടുക്കാതെ പണം നൽകിയതിൽ അഴിമതിയുണ്ട്. പൈപ്പ് ലൈനിനു കുഴിയെടുത്ത റോഡുകളെല്ലാം പൊട്ടിപ്പെളിഞ്ഞു കാൽനടപോലും ദുസ്സഹമായിരിക്കുന്നു.
വാർഡുകളിലെ ഭൂരിഭാഗം ആളുകൾക്കും പൈപ്പ് ലൈൻ കണക്ഷൻ ലഭിക്കാത്ത സാഹചര്യത്തിൽ കണക്ഷൻ ലഭ്യമാക്കുന്നതിനും പൈപ്പ് ലൈനിട്ട് തകർന്ന റോഡുകൾ പുനരുദ്ധരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥകൾ പാലിക്കാതെ ഫണ്ടുകൾ നൽകിയതിനെ കുറിച്ചു അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.