41 വീടുകൾക്ക് നാശം: ജില്ലയിൽ ഇരട്ടിയിലേറെ വേനൽമഴ ലഭിച്ചു
text_fieldsപത്തനംതിട്ട: ജില്ലയിൽ ശക്തമായി തുടരുന്ന വേനൽമഴയിൽ വ്യാപക നാശം. റാന്നി, കോന്നി, മല്ലപ്പള്ളി മേഖലയിലാണ് കൂടുതൽ നാശനഷ്ടം. ഒരുവീട് പൂർണമായും 40 വീടുകൾ ഭാഗികമായും തകർന്നതായാണ് പ്രാഥമിക കണക്ക്. കൃഷി, വൈദ്യുതി മേഖലകളിൽ ഉൾപ്പെടെയുള്ളവയുടെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.
ശക്തമായ കാറ്റാണ് മിക്ക പ്രദേശത്തും ഉണ്ടായത്. മരം വീടുകൾക്ക് മുകളിൽ വീണ് ഒട്ടേറെ നാശം സംഭവിച്ചു. എവിടെയും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. വരുംദിവസങ്ങളിലും വേനൽമഴ ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ്.
മല്ലപ്പള്ളിയിലാണ് ഒരുവീട് പൂർണമായും തകർന്നത്. 95,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി -19, റാന്നി -11, കോന്നി -10 എന്നിങ്ങനെയാണ് ഭാഗികമായി വീടുകൾ തകർന്നത്. മൊത്തം 9,62,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടുതൽ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. മാർച്ച് മുതൽ ഈ മാസം എട്ടുവരെ ജില്ലയിൽ ലഭിച്ച വേനൽ മഴ 212.2 മി.മീ. ആണ്. സാധാരണഗതിയിൽ ലഭിക്കേണ്ടത് 106.8 മി.മീ. ആണ്. ലഭിച്ചത് ഇരട്ടിയിലേറെ മഴ. പകൽനേരത്തെ ചൂടിനും അൽപം കുറവുണ്ട്. വേനൽമഴ മൂലം കുടിവെള്ളക്ഷാമം നേരിട്ട കുറെ പ്രദേശങ്ങളിൽ അൽപം ശമനമായി. ശനിയാഴ്ച ജില്ലയിൽ ഉച്ചമുതൽ വ്യാപകമായി ശക്തമായ മഴപെയ്തു. ചിലയിടങ്ങളിൽ കാറ്റിൽ നാശമുണ്ടായി.
പന്തളത്ത് മഴക്കെടുതി തുടരുന്നു
പന്തളം: മൂന്നുദിവസമായി പെയ്യുന്ന കനത്ത കാറ്റിലും മഴയിലും പന്തളത്ത് കനത്ത നാശം. ചേരിയ്ക്കൽ, നെല്ലിക്കൽ ഭാഗത്ത് വീടിനു മുകളിലേക്ക് മരംവീണ് വീടിന് ഭാഗിക നാശം നേരിട്ടു. ചില വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വ്യാപകമായി വൈദ്യുതി തൂണുകൾ നശിച്ചു. വീടിന് മുകളിൽ പ്ലാവിന്‍റെ ശിഖരവും റബർ മരവും ഒടിഞ്ഞുവീണു. രണ്ട് വൈദ്യുതി തൂണുകളും ഒടിഞ്ഞു.
കുരമ്പാല, പുഴിയക്കാട്, കുളനട എന്നിവിടങ്ങളിലും വ്യാപക നാശമുണ്ടായി. മേഖലയിൽ വൈദ്യുതി നിലച്ചു. പൂർണതോതിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇനിയും സമയം വേണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളിലും കനത്ത കാറ്റ് വീശുകയും കനത്ത മഴ പെയ്യുകയും ചെയ്തു. വ്യാപകമായി കൃഷിനാശവും ഉണ്ട്. ഗതാഗതത്തിന് ഭീഷണിയായി ഒട്ടേറെ മരങ്ങൾ റോഡരികിലുണ്ട്. ഇവ മുറിച്ചുനീക്കണമെന്ന് നേരത്തെ ആവശ്യമുയർന്നതാണ്.
കർഷകർ കണ്ണീരിൽ
പന്തളം: പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തി പങ്കിടുന്ന വിശാലമായ കരിങ്ങാലി ചിറ്റിലപ്പാടത്തെ 140 ഏക്കർ പാടശേഖരത്തിൽ വിളവെടുപ്പിന് പാകമായ ജ്യോതി ഇനത്തിൽപെട്ട നെല്ല് ശക്തമായ കാറ്റിലും മഴയിലും പൂർണമായും നശിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു നെല്ല് വിതച്ചത്. 49 പേർ ചേർന്നാണ് വിശാലമായ പാടശേഖരത്തിൽ കൃഷി ഇറക്കിയത്. എല്ലാ വർഷവും സപ്ലൈകോ കർഷകരിൽനിന്ന് നെല്ല് സംഭരിക്കും. 110 മുതൽ 120 ദിവസം വരെയെത്തി വിളവെടുക്കാൻ പാകമായ നെല്ലാണ് ഉപയോഗശൂന്യമായതെന്ന് ചിറ്റിലപാടം നെല്ലുൽപാദക സമിതി പ്രസിഡന്‍റ് കെ.എൻ. രാജൻ, സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.