ഭൂമിയെച്ചൊല്ലി തർക്കം: പന്തളത്ത് റവന്യൂ ടവർ നിർമാണ നടപടിയുമായി വകുപ്പ്
text_fieldsപന്തളം: നഗരമധ്യത്തിലെ ഭൂമി സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തും ജില്ല ദാരിദ്ര്യ ലഘൂകരണ നിർമാർജന വിഭാഗവും (പി.എ.യു) തമ്മിൽ തർക്കം തുടരുന്നതിനിടെ ഇതേ സ്ഥലത്ത് റവന്യൂ ടവർ നിർമിക്കാൻ നടപടിയുമായി റവന്യൂ വകുപ്പ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് കുളനടയിലേക്ക് മാറ്റിയതോടെ പന്തളത്തെ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനോട് ചേർന്ന സ്ഥലത്ത് പുതിയ റവന്യൂ ടവർ നിർമിക്കാനാണ് നടപടി തുടങ്ങിയത്. ഇതിെൻറ ഭാഗമായി കഴിഞ്ഞയാഴ്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
2016-2017ലെ സംസ്ഥാന ബജറ്റിൽ പന്തളത്ത് റവന്യൂ ടവർ നിർമാണം പ്രഖ്യാപിച്ചിരുന്നു. പഴയ ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നിലവിൽ ഗ്രാമന്യായാലയം പ്രവർത്തിക്കുന്ന കെട്ടിടം ഒഴികെ സ്ഥലമാണ് റവന്യൂ ടവറിനായി പരിഗണിക്കുന്നത്. ഇവിടെ 60 സെൻറ് സ്ഥലം അധികൃതർ അളന്നുതിട്ടപ്പെടുത്തി. സമീപത്തെ കുടുംബശ്രീ കാൻറീൻ പ്രവർത്തിച്ചിരുന്ന സ്ഥലവും ഇതിൽ ഉൾപ്പെടുത്തി. ഇതേ വിഷയത്തിൽ നേരത്തേ നഗരസഭ സമർപ്പിച്ചിരുന്ന റിപ്പോർട്ടിൽ സ്ഥലത്തിെൻറ സർവേ നമ്പർ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.
സമീപത്തെ സ്വകാര്യ ബസ്സ്റ്റാൻഡിൽ നഗരസഭ വ്യാപാര സമുച്ചയം നിർമിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിെൻറ (ബ്ലോക്ക് -343/3) നമ്പറാണ് ആദ്യം നൽകിയത്. ഇത് തിരുത്തി നൽകാൻ കലക്ടറേറ്റിൽനിന്നുള്ള നിർദേശപ്രകാരം പുതിയ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഹൗസിങ് ബോർഡിനാണ് റവന്യൂ ടവറിെൻറ നിർമാണച്ചുമതല.
എന്നാൽ, ഗ്രാമന്യായാലയം പ്രവർത്തിക്കുന്ന സ്ഥലം തങ്ങളുടേതാണെന്നാണ് ഗ്രാമവികസന വകുപ്പിെൻറ അവകാശവാദം. ഇവിടെ എസ്.ബി.ഐയുടെ പരിശീലന കേന്ദ്രം തുടങ്ങാനായി 2014ൽ ഗ്രാമവികസന കമീഷണറും എസ്.ബി.ഐയും ഒപ്പിട്ട കരാർ നിലനിൽക്കുന്നുണ്ട്.
റവന്യൂ വകുപ്പിനു സ്ഥലം ആവശ്യമെങ്കിൽ ആദ്യം ഈ കരാർ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കെട്ടിടവും സ്ഥലവും മുമ്പ് ബ്ലോക്ക് പഞ്ചായത്തിെൻറ ആസ്തി ആയിരുന്നു. ഇതിനാൽ ഗ്രാമവികസന കമീഷണറിൽനിന്ന് ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിന് നൽകാൻ 2019 ജനുവരി ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് െഡപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടിരുന്നതായും പറയപ്പെടുന്നു.
ഇതിനിടെ ബ്ലോക്ക് പഞ്ചായത്തിെൻറ പഴയ ഓഫിസും സ്ഥലവും തങ്ങളുടെ മേൽനോട്ടത്തിലാണ് എന്നാണ് ബ്ലോക്ക് പഞ്ചായത്തിെൻറ വാദം. കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി മുടങ്ങാതെ നടത്തുന്നതും ബ്ലോക്ക് പഞ്ചായത്താണ്. എസ്.ബി.ഐ പരിശീലന കേന്ദ്രത്തിനായി സ്ഥലം വിട്ടുനൽകാൻ അവർ തയാറല്ല.
എസ്.ബി.ഐ ഇതിനുള്ള നടപടി തുടങ്ങിയതോടെ മാസങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് അടിയന്തര കമ്മിറ്റി ചേർന്ന് ഇതിനെതിരെ പ്രമേയം പാസാക്കി ഗ്രാമവികസന കമീഷണർക്കും കലക്ടർക്കും കൈമാറി തീരുമാനം കാത്തിരിക്കുകയാണ്. വകുപ്പ് മന്ത്രിയെ നേരിട്ട് കാണാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.