പന്തളം സ്വകാര്യ ബസ്സ്റ്റാൻഡ് കൈയടക്കി നായ്ക്കൂട്ടം
text_fieldsപന്തളം: തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡ് മാറി. ഇവയെ പേടിച്ച് സ്റ്റാൻഡിലെത്താൻ യാത്രക്കാർക്ക് കഴിയുന്നില്ല. പകലും രാത്രിയും ശല്യമുണ്ടെങ്കിലും രാത്രി ഒരുകൂട്ടം നായ്ക്കളാണ് സ്റ്റാൻഡ് കീഴ്പ്പെടുത്തുന്നത്. പരിസരത്തെ മറ്റു സ്ഥലങ്ങളിലും ശല്യം രൂക്ഷമാണ്.
ആടുകളെയും കോഴികളെയും ആക്രമിച്ച് കൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുകയാണിവ. കാൽനടക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്.
പ്രഭാത സവാരിക്കിറങ്ങുന്നവർക്കും പാലുകൊണ്ട് പോകുന്നവർക്കും പത്രവിതരണക്കാരും വിദ്യാർഥികളുമാണ് ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും. ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ ഓടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. രക്ഷപ്പെടാൻ അമിതവേഗത്തിൽ വാഹനമോടിക്കുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നതും പതിവാണ്.
അറവുമാലിന്യം റോഡരികിൽ വലിച്ചെറിയുന്നതിനാൽ ഇവിടെ നായ്ക്കൾ തമ്പടിക്കുകയാണ്. മാംസാവശിഷ്ടങ്ങൾ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ ഗുരുതര നടപടിയെടുക്കണമെന്നും നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.