പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളുടെ സമരം 45 ദിവസം പിന്നിട്ടു
text_fieldsപന്തളം: മുന്നറിയിപ്പ് കൂടാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പന്തളം നഗരസഭ കവാടത്തിനുമുന്നിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികൾ നടത്തുന്ന സമരം 45 ദിവസം പിന്നിട്ടു.
കഴിഞ്ഞ 16 വർഷമായി ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്ന 16 അംഗ സംഘത്തിലെ അഞ്ചുപേരെയാണ് ജനുവരി 15 മുതൽ ജോലിയിൽനിന്ന് ഒഴിവാക്കിയത്. കുടുംബശ്രീ മുഖേന 16 വർഷം മുമ്പ് പന്തളം പഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ച ഷൈലജ അമാനുല്ല, രുക്മണി, ശാരദ, ലില്ലി ബാബു, രാജേശ്വരി എന്നിവരെയാണ് ഒഴിവാക്കിയത്.
ഇനി ജോലിക്ക് വരേണ്ടമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഫോണിലൂടെ അറിയിക്കുകയായിരുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി അഞ്ചുപേരെ പുതുതായി നിയമിച്ചതാണ് ഇവരെ ഒഴിവാക്കാൻ കാരണം. ആദ്യഘട്ടത്തിൽ കരാർ അടിസ്ഥാനത്തിൽ ആയിരുന്നു ഇവരെ നിയമിച്ചിരുന്നത്. സർക്കാർ ആനുകൂല്യങ്ങളും മറ്റും ലഭിക്കുകയും ചെയ്തു. പിരിച്ചുവിട്ട പലരും ആത്മഹത്യയുടെ വക്കിലാണ്. തൊഴിൽ മുന്നിൽ കണ്ട് ബാങ്കിൽനിന്നും മറ്റും ലോൺ എടുത്തിരുന്നു. മാസത്തവണ ബാങ്കിൽ പണം അടക്കാത്തതിനാൽ ഇതും കുടിശ്ശികയായി. വിവിധ പാർട്ടികൾ നിർദേശിച്ചിട്ടാണ് ഇവർ സമരത്തിനിറങ്ങിയത്. എന്നാൽ, ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ല. സമരത്തിന്‍റെ തുടക്കം മുതൽ രാവിലെ നഗരസഭയിൽ എത്തി ശുചീകരണത്തിൽ ഏർപ്പെട്ട ശേഷമാണ് ഇവർ സമരത്തിൽ പങ്കെടുക്കുന്നത്. ശമ്പളം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ തൊഴിൽ ഉപേക്ഷിച്ച് സമരത്തിനിരിക്കുകയാണ്. എല്ലാദിവസവും രാവിലെ ഏഴ് മുതൽ നഗരസഭ കവാടത്തിനുസമീപം ഇവർ കുത്തിയിരിക്കും. ഉച്ചക്ക് ഒരുമണിയാകുമ്പോഴേക്കും മടങ്ങും. സമരത്തിന്‍റെ തുടക്കത്തിൽ സി.പി.ഐ ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അവരും കൈവിട്ട അവസ്ഥയിലാണ്. എല്ലാദിവസവും നഗരസഭ ചെയർപേഴ്സൻ അടക്കം എല്ലാവരോടും പരാതിയും പരിഭവവും പറയുമെങ്കിലും നടപടിയൊന്നും ഇല്ല. അധികൃതരുടെ അനുകൂല തീരുമാനം കാത്ത് അവർ സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.