ഏഷ്യൻ നീർപക്ഷി കണക്കെടുപ്പ്: ദേശാടനപ്പക്ഷികളുടെ വരവ് കുറഞ്ഞെന്ന് കണ്ടെത്തൽ
text_fieldsപന്തളം: ദേശാടനപ്പക്ഷികളുടെ വരവ് കുറഞ്ഞതായി ഏഷ്യൻ നീർപക്ഷി കണക്കെടുപ്പിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ഏഴ് പ്രധാന നീർത്തടങ്ങളിലായി സർവേയിലാണ് പക്ഷികളുടെ വരവ് കുറഞ്ഞതായി കണ്ടെത്തിയത്. കഴിഞ്ഞ സർവേയിലും പക്ഷികൾ കുറഞ്ഞെന്ന് കണ്ടെത്തിയിരുന്നു. നീർത്തടങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം ദേശാടകരും സ്ഥിരവാസികളുമായ നീർപക്ഷികളുടെ സ്ഥിതി എന്നിവ മനസ്സിലാക്കുന്നതിനാണ് രാജ്യാന്തര നീർപക്ഷി കണക്കെടുപ്പിന്റെ ഭാഗമായ സർവേ.
പത്തനംതിട്ട-ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വിശാല കരിങ്ങാലി പുഞ്ച, കുളനട, കോഴഞ്ചേരി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങളായ ഉളനാട്, പോളച്ചിറ, ആറന്മുള നീർത്തടം, കവിയൂർ കുന്നന്താനം, മേപ്രാൽ, ഇടിഞ്ഞില്ലം എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്. പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സും വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്. കണക്കെടുപ്പിന്റെ വിശദ റിപ്പോർട്ട് വനം വകുപ്പ്, വെറ്റ് ലാൻഡ് ഇൻന്റർനാഷനൽ ബി.എൻ.എച്ച്.എച്ച് എന്നിവക്ക് കൈമാറും. 49 ഇനത്തിലെ 526 പക്ഷിയെയാണ് ഇത്തവണ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇതിൽ 19 ഇനം ദേശാടകരാണ്.
കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ 27 ഇനം ദേശാടകരുൾപ്പെടെ 56 ഇനം പക്ഷികളെ കണ്ടെത്തിയ സ്ഥാനത്താണിത്. വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴി, കന്യാസ്ത്രീക്കൊക്ക്, ദേശാടകരായ പച്ചക്കാലി, പവിഴക്കാലി, പൊൻ മണൽക്കോഴി, പുള്ളിക്കാട കൊക്ക്, നീർക്കാട, കരിതപ്പി, പുള്ളിച്ചുണ്ടൻ, കൊതുമ്പന്നം, ചതുപ്പൻ തുടങ്ങിയ പക്ഷികളെയും സ്ഥിരവാസികളായ പക്ഷികളെയും സർവേയിൽ കണ്ടെത്തി. കേരളത്തിലെ സ്ഥിരവാസിയും എന്നാൽ, വളരെ അപൂർവമായി മാത്രം കാണുന്നതുമായ കാളിക്കാടയെ കുളനട ഉളനാട്ടിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.