പന്തളത്ത് തീപിടിത്തം പതിവ്; വെള്ളത്തിനായി ‘തീ’ പിടിച്ചോടി അഗ്നിരക്ഷ സേന
text_fieldsപന്തളം: വേനൽച്ചൂടിൽ പന്തളത്ത് തീപിടിത്തം പതിവായതോടെ വെള്ളത്തിനായി അഗ്നിരക്ഷ സേന നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വീട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് തീപിടിച്ചത്. പന്തളം മേഖല ഉൾപ്പെടുന്ന അടൂർ അഗ്നിരക്ഷസേനയുടെ പരിധിയിൽ ജനുവരി ഒന്നു മുതൽ ശനിയാഴ്ച വരെ 20 തീപിടിത്തമാണ് ഉണ്ടായത്. പുൽമേടുകൾ മുതൽ റബർതോട്ടം വരെ തീപിടിച്ചതിൽ പെടും.
തീ അണക്കാൻ ആവശ്യമായ വെള്ളം ലഭ്യമാകാത്തതും അഗ്നിരക്ഷസേനയെ കുഴക്കുകയാണ്, അച്ചൻകോവിൽ ആറ്റിൽനിന്നും കനാലിൽനിന്നും കുളങ്ങളിൽനിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. വേനൽ ശക്തമായതോടെ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. അച്ഛൻകോവിൽ ആറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്.
ശനിയാഴ്ച കുരമ്പാലയിലും അടിക്കാടുകൾക്ക് തീപിടിച്ചിരുന്നു. പുകവലിച്ചിട്ട് അലക്ഷ്യമായി വലിച്ചെറിയുന്നത് തീപിടിക്കുന്നതിന് കാരണമാകുന്നുണ്ട്. മിക്കയിടത്തും ചൂടേറ്റ് കരിഞ്ഞുനിൽക്കുന്ന പുല്ലിന് തീപിടിച്ച് അതിവേഗം വ്യാപിക്കുകയാണ്.
സമീപ വീടുകളിലേക്ക് വ്യാപിക്കാൻ സാധ്യത ഏറെയാണ്. അനധികൃത പാർക്കിങ്ങാണ് രക്ഷാവാഹനങ്ങൾക്ക് മറ്റൊരു തടസ്സം. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും മൂലം കഴിഞ്ഞയാഴ്ച പന്തളം, മൂടിയൂർക്കോണം, വടക്കേ വള്ളിക്കുഴിയിൽ വി.കെ. ശ്രീധരന്‍റെ വീട് കത്തിയപ്പോൾ സ്ഥലത്തെത്താൻ അഗ്നിരക്ഷസേനക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഒടുവിൽ മാവേലിക്കര സേനയുടെ സഹായം തേടേണ്ടിവന്നു പൊലീസിന്. തീപിടിത്തം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഫയർ എൻജിന് പോകാൻ കഴിയാത്തതരത്തിൽ മാർഗതടസ്സം ഉണ്ടാക്കി വാഹനങ്ങൾ പാർക്കുചെയ്യുന്നത് പതിവാണ്.
കുരമ്പാലയിൽ ഒരേക്കർ പുരയിടത്തിൽ തീപിടിത്തം
പന്തളം: കുരമ്പാലയിൽ ഒരേക്കറോളം പുരയിടത്തിലെ അടിക്കാടുകൾക്ക് ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ തീപിടിച്ചു.കൂത്താട്ടുകുളം മൈത്രിനഗർ മയൂഖം കെ.എൻ. പിള്ളയുടേതാണ് ഭൂമി. സമീപത്ത് വീടുകളും റബർ തോട്ടങ്ങളുമുള്ളതാണ്. അടൂർ അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അടൂർ അഗ്നിരക്ഷാസേന വിഭാഗത്തിലെ സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുരേഷ് കുമാർ, അജികുമാർ, ലിജികുമാർ, മുഹമ്മദ്, പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.