സർക്കാർ നൽകിയ സ്ഥലത്ത് നിർമിച്ച വീടിന് ; പട്ടയം കാത്ത് ആറ് കുടുംബങ്ങൾ
text_fieldsപന്തളം: സർക്കാർ അനുവദിച്ചു നൽകിയ സ്ഥലത്താണ് വീട് വെച്ചതെങ്കിലും പട്ടയത്തിനായി ആറ് കുടുംബങ്ങൾ മുട്ടാത്ത വാതിലുകളില്ല.
പന്തളം ജങ്ഷനിലെ കുറുന്തോട്ടയും പാലത്തിന് അരികിലായി താമസിച്ചിരുന്ന ആറ് കുടുംബങ്ങളാണ് പന്തളം നഗരസഭ കണ്ടെത്തിയ സ്ഥലത്ത് സർക്കാർ സഹായത്തോടെ വീടുവെച്ചത്. മുട്ടാർ നിർച്ചാലിനോട് ചേർന്നാണ് ഇവർക്ക് ഭൂമി നൽകിയത്.
മുൻ നഗരസഭ ഭരണസമിതിയുടെ കാലത്ത് 2016 ഡിസംബർ രണ്ടിനാണ് കൗൺസിൽ തീരുമാനം പ്രകാരം ഇവരോട് പാലത്തിന് അരികിൽനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.
നഗരസഭയുടെ മേൽനോട്ടത്തിൽ പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇവർക്കായി മങ്ങാരം ജങ്ഷന് സമീപത്ത് സർക്കാർ പുറമ്പോക്ക് ഭൂമിയും നൽകി. ആറു കുടുംബങ്ങളിലായി ഇരുപതോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. മൂന്ന് സെൻറ് ഭൂമി വീതമാണ് ഇവർക്ക് നൽകിയത്. പി.എം.വൈ പദ്ധതിയിൽ നിർമിച്ച വീടുകൾ പലരും കടംവാങ്ങിയും മറ്റുമാണ് പൂർത്തിയാക്കിയത്. ഇപ്പോഴും നിർമാണം പൂർത്തിയാക്കാൻ കഴിയാത്തവരുമുണ്ട്. രേഖകളും മറ്റും ഇല്ലാത്തതിനാൽ 2018 - ലെ മഹാപ്രളയത്തിൽ ഇവരുടെ വീടുകൾ മുങ്ങി വലിയ നഷ്ടമുണ്ടായിട്ടും ഇവർക്ക് സഹായമെന്നും ലഭിച്ചില്ല. പന്തളം, തോന്നല്ലൂർ, മതിലിന്റെ വടക്കേതിൽ മണിയൻ, സൈനുദ്ദീൻ, ജലാലുദ്ദീൻ ,ശിവൻ ആചാരി,കൃഷ്ണൻകുട്ടി, മുഹമ്മദ് റാവുത്തർ, എന്നിവരുടെ കുടുംബങ്ങളാണ് പട്ടയത്തിനായി ഇപ്പോഴും അലയുന്നത്.
2016 ഫെബ്രുവരി 16ന് വീട്ടുകാർ പട്ടയത്തിനായി മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പിനും പരാതി നൽകിയിരുന്നു.
കൂടാതെ ജില്ല കലക്ടർ, ആർ.ഡി.ഒ എന്നിവർക്കും വർഷങ്ങളായി ഇവർ പരാതി നൽകി വരികയാണ്. ഇതുവരെയും അധികാരികൾ ഇവരുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പട്ടയത്തിനായി കുടുംബങ്ങൾ കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളും ഇല്ല. ഇനിയെന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ പാവപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.