മാലിന്യത്തിന് തീപിടിച്ചു; പുക നിറഞ്ഞ് കുളനട
text_fieldsപന്തളം: കുളനട മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരം നാലിന് മാർക്കറ്റിന് പടിഞ്ഞാറുവശം തരംതിരിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. തരംതിരിച്ച് മാലിന്യത്തിന്റെ ഒരുലോഡ് ഇവിടെനിന്നും ലോറിയിൽ കയറ്റി അയച്ച ശേഷമാണ് സംഭവമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ചിത്തിര സി. ചന്ദ്രൻ പറഞ്ഞു.
ഉദ്യോഗസ്ഥർ അടക്കം ആ സമയം ഉണ്ടായിരുന്നു. എല്ലാവരും സ്ഥലത്തുനിന്ന് പോയശേഷമാണ് അഗ്നിബാധ. രണ്ടു മണിക്കൂറോളം ആളിപ്പടർന്നു. ഒപ്പം പുകയും. അന്തരീക്ഷത്തിൽ പടർന്നതോടെ കുളനട പ്രദേശം പുകയിൽ മുങ്ങി. അടൂർ, ചെങ്ങന്നൂർ, പത്തനംതിട്ട, എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷ സേനയെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു.
അതിവേഗ രക്ഷാപ്രവർത്തനം രക്ഷയായി
കുളനട: കുളനട മത്സ്യമാർക്കറ്റിലെ തീപിടിത്തത്തിൽ അഗ്നിരക്ഷാസേനയുടെ അതിവേഗ ഇടപെടൽ രക്ഷയായി. അടൂരിൽനിന്ന് രണ്ട് യൂനിറ്റ് ഉടൻ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ യൂനിറ്റുകൂടി എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ജെ.സി.ബി എത്തിച്ച് പ്ലാസ്റ്റിക് മാലിന്യം ചികഞ്ഞുമാറ്റിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. പുക ഉയർന്നതോടെ പരിസരത്തെ പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.