കളരിയിലെ വടക്കൻ ചിട്ടയുമായി ഗിജിൻലാൽ
text_fieldsപന്തളം: വടക്കൻപാട്ടുകളിലെ കളരികളോടും അങ്കത്തട്ടിനോടും കിടപിടിക്കുന്നതാണ് പന്തളം, കുരമ്പാല പെരുമ്പുളിക്കലിലെ ഗിജിൻലാലിെൻറ കളരി. പാരമ്പരാഗത ശൈലിയിൽ തയാറാക്കിയ നാൽപ്പത്തീരടി കുഴിക്കളരിയും വടക്കനും തെക്കനും ഇടകലർന്ന പരിശീലന രീതിയുമാണ് ഇവിടുത്തെ പ്രത്യേകത. പണ്ടുകാലത്ത് അങ്കത്തട്ടിലും അടർക്കളത്തിലും പയറ്റിത്തെളിയാനായിരുന്നു കച്ചകെട്ടിയിരുന്നതെങ്കിൽ ഇന്ന് സ്വയം പ്രതിരോധത്തിനും ശാരീരിക വ്യായാമത്തിനും മുൻതൂക്കം നൽകിയാണ് ആളുകൾ കളരികളിലെത്തുന്നത്. അതുകൊണ്ടുതന്നെ ഇതിന് പ്രായ, ലിംഗ വ്യത്യാസങ്ങളില്ല.
നിലക്കളരികളും കുഴിക്കളരികളും ഉണ്ടെങ്കിലും വടക്കൻ സമ്പ്രദായത്തിലുള്ളവയിലധികവും കുഴിക്കളരികളാണ്.
മണ്ണ് കണക്കനുസരിച്ച് നിശ്ചിത ആഴത്തിൽ കുഴിച്ച് ചുറ്റിലും മണ്ണും മഞ്ഞളും ചേർത്ത് തയാറാക്കുന്ന മിശ്രിതം തേച്ചും താഴെ മണ്ണ് അരിച്ച് ഔഷധക്കൂട്ടുചേർത്ത് തയാറാക്കിയ മിശ്രിതം ഉപയോഗിച്ചുമാണ് കളരി രൂപപ്പെടുത്തിയത്. തണുപ്പിനെയും ചൂടിനെയും ക്രമീകരിക്കുവാനും ശുദ്ധവായു എപ്പോഴും ലഭിക്കാനുമായാണ് ഇത്. കളരിയിലെ അഭ്യാസ മുറകളായ മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിവയിലെല്ലാം പരിശീലനം നൽകുന്നു. മർമ പ്രയോഗങ്ങളും ചികിത്സ സമ്പ്രദായങ്ങളും കളരിയിലുണ്ട്. ശരീരത്തെ ആയോധന കലക്ക് പാകപ്പെടുത്തി എടുക്കുന്നതിനായിട്ടാണ് കാലുകളും അമർച്ചകളും ഉൾപ്പെടുന്ന മെയ്ത്താരി വശമാക്കുന്നത്. തടികൊണ്ടുള്ള ആയുധങ്ങൾ പരിശീലിക്കുന്നതാണ് കോൽത്താരി.
ഒറ്റ, വലിയ വടി (കെട്ടുകാരി), ചെറിയ വടി (മുച്ചാൺ), ചൊട്ടച്ചാൺ, ഗദ എന്നിവ ഈ വിഭാഗത്തിൽപ്പെടും. അങ്കത്താരിയിൽ കത്തി, കഠാര, വാള്, ഉറുമി, പരിച തുടങ്ങിയ ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനമാണ് നടത്തുക.
കായിക ക്ഷമതക്ക് പുറമെ ജീവിതശൈലീ രോഗങ്ങളിൽനിന്ന് അമിതവണ്ണത്തിൽനിന്നുമൊക്കെ മോചനം ലഭിക്കുമെന്നതാണ് കളരിയുടെ പ്രത്യേകതയെന്ന് ഗിജിൻലാൽ പറഞ്ഞു.
ആറന്മുള കളരിയിലെ പ്രമേദ് ഗുരുക്കളിൽനിന്ന് വടക്കൻ സമ്പ്രദായവും പന്നിവിഴ ബാബു ഗുരുക്കളിൽനിന്ന് തെക്കൻ ശൈലിയും അഭ്യസിച്ച ഗിജിൻലാൽ ഇവ രണ്ടും തെൻറ കളരിയിൽ പരിശീലിപ്പിക്കുന്നുണ്ട്. കേരളത്തിൽ വളരെ കുറച്ചു കളരികളുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.