ശക്തമായ മഴ: പന്തളത്ത് വീട് തകർന്നു; വയോധികയും മകനും രക്ഷപ്പെട്ടു
text_fieldsപന്തളം: കാലവർഷം ശക്തിപ്പെട്ടതോടെ ശക്തമായ മഴയിൽ പന്തളത്ത് വീട് തകർന്നു. വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളം, കടക്കാട് ഗവ. എൽ.പി സ്കൂളിൽ സമീപം തോന്നല്ലൂർ പള്ളികിഴക്കേതിൽ ഐഷാ ബീവി (82)യുടെ വീട് ആണ് ശക്തമായ മഴയിൽ തകർന്നത്. വ്യാഴാഴ്ച രാവിലെ 11:30 നായിരുന്നു സംഭവം.
ഐഷാ ബീവി തൊട്ടടുത്ത മുറിയിലേക്ക് മാറിയ ഉടൻ വീടിന്റെ ചുമര് അവർ കിടന്നിരുന്ന കട്ടിലിന്റെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവ സമയം ശാരീരികാസ്വാസ്ഥ്യമുള്ള ഇവരുടെ മകൻ താജുദീനും വീട്ടിൽ ഉണ്ടായിരുന്നു. വീട് പൂർണമായും തകർന്നെങ്കിലും ഇരുവരും പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കുരമ്പാല വില്ലേജ് ഓഫീസർ കിരൺ മോഹൻ, നഗരസഭാ സെക്രട്ടറി ഇ.വി. അനിത, നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷ്, നഗരസഭ കൗൺസിലന്മാരായ എച്ച്. സക്കീർ, ഷെഫിൻ റെജീബ് ഖാൻ എന്നിവർ സ്ഥലത്തെത്തി. കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽ വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ മഴ ശക്തമായതോടെ പ്രദേശത്ത് വൻതോതിൽ കൃഷിനാശവുമുണ്ട്. 116.61 ഹെക്ടറിലെ നെല്ലു നശിച്ച് 2.58 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു കണക്ക്. ഓണ വിപണി ലക്ഷ്യമിട്ടു വളർത്തിയ ഏത്തവാഴകളും പച്ചക്കറികളും വ്യാപകമായി നശിച്ചു. മരങ്ങൾ വൈദ്യുതി ലൈനിൽ വീണും മറ്റും കെ.എസ്.ഇ.ബിക്കു വൻ നഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.