മുസ്ലിം സമുദായത്തെ വിമർശിച്ചാൽ കാണികൾ കൂടുന്നു -ഡോ. അലക്സാണ്ടർ ജേക്കബ്
text_fieldsപന്തളം: മുസ്ലിം സമുദായത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചാൽ കാണികളുടെ എണ്ണം കൂടുമെന്നും ഇതിന്റെ പിന്നിൽ പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടൽ ആണെന്നും മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. കടയക്കാട് മുസ്ലിം ജുമാമസ്ജിദ് സംഘടിപ്പിച്ച 'പ്രവാചകജീവിതം' വിഷയത്തിൽ നടന്ന മതപ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ ഇസ്ലാമിനെ പാശ്ചാത്യരാജ്യങ്ങൾ കള്ളപ്രചാരണത്തിലൂടെ പ്രതിസന്ധിയിലാക്കുകയാണ്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രവാചകനാണ് ഭൂപരിഷ്കരണ നിയമം ലോകത്ത് ആദ്യമായി നടപ്പാക്കിയത്. ഭിന്നിച്ചു ഭരിക്കുന്നത് എളുപ്പമാണ്. മനുഷ്യനെ ഒന്നിച്ചു നിർത്താൻ മനുഷ്യസ്നേഹിയായ പ്രവാചകന് മാത്രമേ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് അടക്കം സ്ത്രീ സംരക്ഷണ വിഷയത്തിൽ ലോകത്ത് മാതൃക കാണിച്ചത് പ്രവാചകനാണ്. മുസ്ലിം സമുദായത്തിലെ ആത്മഹത്യക്കുറവിന് പ്രധാനകാരണം പ്രവാചക സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. കടയക്കാട് മുസ്ലിം ജുമാമസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അമീൻ ഫലാഹി, അബ്ദുൽ ഹക്കീം മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.