അനധികൃത കെട്ടിട നിർമാണം; പന്തളം നഗരസഭ അധികൃതർക്ക് മൗനം
text_fieldsപന്തളം: അനധികൃത കെട്ടിട നിർമാണം തടയുന്നത് സംബന്ധിച്ച് വിജിലൻസിന്റെ ശിപാർശക്കിടയിലും നടപടിക്ക് തയാറാകാതെ നഗരസഭ. നഗരസഭ പരിധിയിൽ നിരവധി അനധികൃത കെട്ടിടങ്ങളാണ് ദിവസവും ഉയരുന്നത്. പന്തളം ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയ മെഡിക്കൽ മിഷൻ, കടക്കാട്, കുരമ്പാല, മുട്ടാർ, മണികണ്ഠൻ ആൽത്തറ എന്നിവിടങ്ങളിൽ കെട്ടിട നിർമാണത്തിന് നഗരസഭ താൽക്കാലികമായി അനുമതി നൽകുന്നില്ല. ഇവിടങ്ങളിലാണ് ഇപ്പോൾ അനധികൃത കെട്ടിട നിർമാണങ്ങൾ നടക്കുന്നത്.
മുൻ നഗരസഭ സെക്രട്ടറി എസ്. ജയകുമാർ പന്തളത്ത് ഒമ്പതോളം അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയും ഹൈകോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ശേഷം കുറച്ചുനാൾ നിർമാണങ്ങൾ ഇല്ലായിരുന്നെങ്കിലും അടുത്തിടെ നികത്തിയ വയലുകളിലും പുറമ്പോക്ക് ഭൂമികളിലും ബഹുനില കെട്ടിടങ്ങൾ ഉയരുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്. കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ഒട്ടും പാലിക്കാതെയാണ് പല കെട്ടിടങ്ങളും പൂർത്തിയായിരിക്കുന്നത്.
അടുത്തിടെ ജങ്ഷന് കിഴക്കുവശം അനധികൃതമായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തിച്ച മൂന്ന് കടകൾ നഗരസഭ ഒഴിപ്പിച്ചെങ്കിലും സാമ്പത്തികഭദ്രത ഉള്ളവർ കെട്ടിപ്പൊക്കുന്ന മണിമാളികകൾ ഉദ്യോഗസ്ഥർ കാണാത്ത മട്ടാണ്. അനധികൃത നിർമാണങ്ങൾക്ക് കൈക്കൂലി വാങ്ങി ഒത്താശ നൽകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഴിമതി തടയാൻ കെട്ടിട നിർമാണ പെർമിറ്റ് രണ്ട് ഘട്ടമായി നൽകാനും പെർമിറ്റിനുള്ള പരിശോധന കർശനമാക്കാനും വിജിലൻസ് നിർദേശം നിലവിലുണ്ട്.
ആദ്യം അടിത്തറ പൂർത്തിയാക്കാനുള്ള അനുമതിയും പിന്നീട് തുടർ നിർമാണത്തിനുള്ള അനുമതിയും നൽകണമെന്നാണ് വ്യവസ്ഥ. രണ്ടും കർശന പരിശോധനക്ക് ശേഷമായിരിക്കണം. വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഇത് ബാധകമായിരിക്കും. കെട്ടിട നിർമാണത്തിന്റെ പേരിൽ നിരവധി വിജിലൻസ് കേസുള്ള നഗരസഭയിൽ ക്രമക്കേടുകൾ കണ്ടെത്താൻ രണ്ട് വർഷത്തിനിടെ നമ്പർ നൽകിയ എല്ലാ കെട്ടിടങ്ങളുടെയും വിവരം ശേഖരിച്ച് പരിശോധിക്കണമെന്നും വിജിലൻസ് ശിപാർശയുണ്ട്.
നിലവിൽ ബിൽഡിങ് പെർമിറ്റ് ലഭിക്കുമ്പോഴും നിർമാണം പൂർത്തിയാക്കി ഒക്കുപ്പെൻസിക്ക് അപേക്ഷിക്കുമ്പോഴും മാത്രമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത്. ആദ്യം സമർപ്പിക്കുന്ന പ്ലാനിന് വിരുദ്ധമായാണ് ഭൂരിഭാഗം നിർമാണവും നടക്കുന്നത്. പൂർത്തിയായ ശേഷം പൊളിക്കൽ പ്രായോഗികമല്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ണടക്കും. ഇതാണ് അനധികൃത നിർമാണങ്ങൾക്ക് വളംവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.