പന്തളത്തെ അനധികൃത കെട്ടിടങ്ങൾ; നടപടി നോട്ടീസിൽ ഒതുങ്ങി
text_fieldsപന്തളം: നഗരസഭ പരിധിയിൽ അനധികൃത കെട്ടിടങ്ങൾ നിരവധി ഉയർന്നിട്ടും നടപടിയെടുക്കാതെ അധികൃതർ. മുൻ നഗരസഭ സെക്രട്ടറി ഒമ്പതോളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടും നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. ഭരണകക്ഷിയുടെ രാഷ്ട്രീയത്തിലാണ് മിക്ക കെട്ടിടങ്ങളും പന്തളത്ത് ഉയർന്നിരിക്കുന്നത്. തനതു വരുമാനം കുറവുള്ള നഗരസഭയിൽ ശമ്പളവും പെൻഷനും നൽകാൻ കൃത്യമായി സാധിക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാറുണ്ട്.
അനധികൃത കെട്ടിടങ്ങൾ വർധിച്ചതോടെ നഗരസഭയിൽ കെട്ടിട നികുതിയിനത്തിൽ ലഭിക്കേണ്ട വരുമാനം പോലും ലഭിക്കുന്നില്ല. കെട്ടിട നിർമാണത്തിനായി നഗരസഭയിൽനിന്ന് അനുമതി വാങ്ങുമ്പോൾ തന്നെ മുഴുവൻ പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കേണ്ടതാണ്.
എന്നാൽ, പുറമ്പോക്കിലും മറ്റുമാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്. തുടർന്ന് ആദ്യനിലയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം നഗരസഭയിൽ പൂർത്തീകരണ റിപ്പോർട്ട് നൽകി കെട്ടിടത്തിനു നമ്പർ രേഖപ്പെടുത്തിക്കും. പല കെട്ടിടങ്ങളും ഭാഗിക നിർമാണം നടത്തി നഗരസഭയിൽനിന്ന് നമ്പർ വാങ്ങുന്ന പതിവാണ്.സാമ്പത്തിക പ്രയാസം ഉള്ളതിനാൽ ബാക്കി ഇപ്പോൾ നിർമിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കെട്ടിടത്തിനു നമ്പർ ഇടീക്കുന്നത്.
പിന്നീട് നഗരസഭ അറിയാതെ കെട്ടിടത്തിന്റെ മുകൾ നിലകൾ പണിയുകയും കൃത്യമായി ഉപയോഗിക്കുകയും ചെയ്യും. പരാതി ഉണ്ടായില്ലെങ്കിൽ നഗരസഭ അധികൃതർ നിർമാണത്തെക്കുറിച്ച് അറിയുക പോലുമില്ല.
തട്ടിപ്പിന്റെ ടിൻ ഷീറ്റ് മേൽക്കൂര
കെട്ടിട നികുതി വെട്ടിക്കുന്നതിനുള്ള മറ്റൊരു തട്ടിപ്പാണ് ടെറസിനു മുകളിലെ ടിൻ ഷീറ്റ് മേൽക്കൂര സ്ഥാപിക്കൽ. മേൽക്കൂരയുടെ സംരക്ഷണത്തിനായി നിയമാനുസൃതം ഒന്നര മീറ്റർ ഉയരത്തിൽ വീടിനു മുകളിൽ ടിൻഷീറ്റ് മേൽക്കൂര സ്ഥാപിക്കാമെന്നാണു നിയമം. ഷീറ്റ് മേൽക്കൂരയുടെ പൊക്കം ഇതിനു മുകളിലായാൽ ഒരു നില എന്നു കണക്കാക്കി നികുതി ഈടാക്കാമെന്നാണു നഗരസഭ കെട്ടിട നിർമാണച്ചട്ടത്തിൽ പറയുന്നത്.
എന്നാൽ, പല സ്ഥലങ്ങളിലും നിയമാനുസൃതമല്ലാതെ ഉയരത്തിൽ ടിൻ ഷീറ്റ് മേൽക്കൂര നിർമിച്ച് ഭിത്തികെട്ടി സീലിങ് ക്രമീകരിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകി വരുമാനം നേടുന്നുണ്ട്. നഗരസഭക്ക് ലഭിക്കുന്ന നികുതി വരുമാനം പൂജ്യമായിരിക്കും.
നഗരസഭ കെട്ടിട നിർമാണച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് നിർമിച്ച കെട്ടിടങ്ങൾ നവീകരിച്ചു മുകൾ നിലയും മറ്റും നിർമിച്ചാൽ കെട്ടിടത്തിനു മുഴുവനായി പുതിയ ചട്ടം ബാധകമാണ്. അതിനാൽ പൊതുനിരത്തിൽനിന്നുള്ള അകലം പോലും കൃത്യമായി പാലിക്കണം. ഇതെല്ലാം ലംഘിച്ചാണ് നഗരത്തിൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.