അനധികൃത ഇറച്ചി വിൽപന കേന്ദ്രങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
text_fieldsപന്തളം: അനുമതിയില്ലാതെ നഗര, ഗ്രാമപ്രദേശങ്ങളിൽ മലിനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന ഇറച്ചിക്കടകൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തീൻമേശയിൽ ഇറച്ചി പ്രധാന വിഭവമായി മാറുന്ന സാഹചര്യം മുതലാക്കിയാണ് അനധികൃത ഇറച്ചിക്കച്ചവടം തകൃതിയായി നടക്കുന്നത്. രോഗം വന്നതും ചത്തതുമായ ആടുമാടുകളുടെ ഇറച്ചി വിൽക്കുന്നതായും ആക്ഷേപമുണ്ട്.
ആരോഗ്യ വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്ത് വിൽക്കാൻ പാടുള്ളൂ. എന്നാൽ, ഈ നിയമം കാറ്റിൽപറത്തി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നത്. വീടുകളിലും മൃഗങ്ങളെ വളർത്തുന്ന കേന്ദ്രങ്ങളിലും അസുഖം ബാധിച്ചും മറ്റും ചാകുന്ന ആടുമാടുകളെ കുഴിച്ചിടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഇറച്ചി വ്യാപാര ഏജന്റുമാർ ഉടമയുമായി ബന്ധപ്പെടും. പിന്നീടു ചത്ത മൃഗങ്ങളെ രാത്രിയിൽ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി അറുത്ത് പുലർച്ച ഇറച്ചിക്കടകളിൽ എത്തിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
ഐരാണിക്കുഴി, കുന്നിക്കുഴി, തുമ്പമൺ തുടങ്ങിയ പ്രദേശങ്ങളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളുണ്ട്. പുലർച്ച ആരംഭിക്കുന്ന ഇറച്ചിക്കടകൾ പത്തുമണിയോടെ കച്ചവടം അവസാനിപ്പിക്കുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നടപടിയെടുക്കാൻ പലപ്പോഴും കഴിയാറില്ല. മാംസാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതു മൂലം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാകുകയാണ്.
പല ഇറച്ചിക്കടകളിലും മാംസം തൂക്കി വിൽക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വർഷങ്ങളായി പുതുക്കാത്തവയും തൂക്കം കൃത്യമല്ലാത്തതുമാണെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.