മല തുരക്കല്ലേ; അപേക്ഷയുമായി ആതിരമല നിവാസികൾ
text_fieldsപന്തളം: ''മല തുരക്കല്ലേ; മണ്ണെടുക്കേല്ല'' ആതിരമല നിവാസികൾ പറയുന്നു. മല തുരന്ന് വഴിയും വാസസ്ഥലവും ഒരുക്കിയിരുന്നവർ മല ഇടിച്ചുനിരത്തി പാടങ്ങൾ നികത്താൻ തുടങ്ങിയതോടെ പ്രകൃതി പിണങ്ങി. മല ഇടിഞ്ഞും മഴവെള്ളം നിറഞ്ഞും ദുരന്തങ്ങൾ വിട്ടുമാറാതെ മല തുരന്നവെരത്തന്നെ വേട്ടയാടുകയാണ് ഇന്ന്. മാനംമുട്ടെ ഉയർന്നുനിൽക്കുന്ന ജില്ലയിലെ തന്നെ ഉയർന്ന സ്ഥലങ്ങളിലൊന്നായ കുരമ്പാല ആതിരമലയ്ക്ക് അടിഭാഗത്തുനിന്നുള്ള മണ്ണെടുപ്പാണ് ആതിരമലയെ സമതലമാക്കിക്കൊണ്ടിരിക്കുന്നത്. ആതിരമലയിലെ മണ്ണ് ഏക്കറുകണക്കിന് പാടങ്ങളെ കരകളാക്കിക്കഴിഞ്ഞു. ഇപ്പോഴും വീടുവെക്കാനെന്ന മറവിൽ മണ്ണെടുപ്പ് പലയിടങ്ങളിലും നടക്കുന്നു.
മണ്ണിടിഞ്ഞ് റോഡും വീടും തകർന്ന് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നറിയാമെങ്കിലും മണ്ണെടുപ്പിന് മുടക്കമില്ല. കഴിഞ്ഞ മൂന്നുമാസം മുമ്പുവരെ സമീപത്തെ പൂഴിക്കാട് തൂമലയിൽനിന്നും മണ്ണുകടത്തി. സമുദ്രനിരപ്പിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ മല. ദൂരക്കാഴ്ച ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് ഇത്. ആലപ്പുഴ ജില്ലയിലെ കിഴക്കുഭാഗവും പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറുഭാഗങ്ങളും ഇതിനിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന വലിയതോടും മലമുകളിൽനിന്ന് ആസ്വദിക്കാം. വൈകുന്നേരങ്ങളിൽ കുളിർ കാറ്റും കൂട്ടിനുണ്ടാകും. മുകളിൽനിന്ന് നോക്കിയാൽ കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന വയലുകൾ, അതിനുമപ്പുറം കോട്ടകെട്ടി നിൽക്കുന്ന പൗവത്തുമലയുടെ ഹരിത ഭംഗി, പന്തളത്തിെൻറ ഏതാണ്ട് ഉയർന്ന ഭാഗങ്ങളെല്ലാം ദൂരദർശിനിയില്ലാതെ കാണാൻ കഴിയുന്ന ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഇവിടെ മലകൾ ഇടിച്ചുനിരത്തി ലോഡുകണക്കിന് മണ്ണ് കഴിഞ്ഞ ഒരു വർഷമായി കടത്തി.
ആതിരമല പ്ലാവിള കോളനിയിൽനിന്നും മംഗലത്ത് ഭാഗത്തേക്കുള്ള അഞ്ച് വീടുകൾക്കുവേണ്ടിയാണ് അന്ന് ലോഡ് കണക്കിന് മണ്ണ് കടത്തിയത്. വലിയ ജനകീയ പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് നിരവധി സമരങ്ങൾ നടക്കുകയും ചെയ്തു. മണ്ണുമാഫിയയുടെ സ്വാധീനത്തിൽ സമരങ്ങൾ അപ്രത്യക്ഷമായി. 25 അടിയോളം ഉയരത്തിൽ മല തുരന്നാണ് അന്ന് റോഡ് നിർമിച്ചത്. എന്നാൽ, മംഗലത്ത് ഭാഗെത്ത അഞ്ച് വീടിനുവേണ്ടിയാണ് വഴി നിർമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
സമുദ്ര നിരപ്പിൽനിന്ന് 2500 അടി ഉയരത്തിലാണ് ആതിരമല സ്ഥിതി ചെയ്യുന്നത്. മലയ്ക്ക് മുകളിൽ സ്ഥാപിച്ച ഭൗമസ്ഥിതി നിർണയിക്കൽ സംവിധാനം വഴിയാണ് മഴ ശക്തിപ്പെട്ടാൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് ജിയോളജിക്കൽ സർേവയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വെളിപ്പെടുത്തിയത്. നാല് പ്രധാനപ്പെട്ട കോളനികൾ സ്ഥിതിചെയ്യുന്ന ആതിരമലയ്ക്ക് ചുറ്റുമായി 900ത്തോളം കുടുംബങ്ങളാണ് അധിവസിക്കുന്നത്. താൽക്കാലികമായി സംഘടിപ്പിച്ച അനുമതി ഉപയോഗിച്ചാണ് ലോഡുകണക്കിന് മണ്ണ് ഇവിടെനിന്ന് കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.