ലഹരിയുടെ വലയിൽ മലയോര ജില്ലയും
text_fieldsപന്തളം: പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം മലയോര ജില്ലയിൽ വ്യാപകമാകുന്നു.
ആറു മാസത്തിനിടെ നിരവധി പേരെ കഞ്ചാവുമായി പൊലീസും എക്സൈസും പിടികൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി പന്തളം കടക്കാട് വടക്ക് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മൂന്നര കിലോ കഞ്ചാവാണ് പിടികൂടിയത്. ബംഗാൾ സ്വദേശിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾ, മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന ചെറുപ്പക്കാർ തുടങ്ങിയവരെല്ലാം ലഹരിക്കടത്തിന്റെ ഭാഗമായി മാറുന്നതായി അധികൃതർ പറയുന്നു. ഇവർക്കിടയിൽ പ്രവർത്തിക്കുന്ന ലഹരിക്കടത്തുകാരിൽ ചുരുക്കംചിലരാണ് പൊലീസിന്റെ വലയിലായിട്ടുള്ളത്. അതേസമയം, അധികൃതരുടെ പിടിയിലാകുന്നവർക്ക് ലഹരി ലഭിക്കുന്ന വഴികൾ സംബന്ധിച്ച് അന്വേഷണവും നടക്കുന്നില്ല.
ലഹരി കടത്തിന് പല വഴികൾ
ലഹരി കടത്ത് മാർഗങ്ങൾ ഒരെണ്ണം അധികൃതർ കണ്ടെത്തുമ്പോൾ പുതിയ വഴികൾ കണ്ടെത്തുകയാണ് മയക്കുമരുന്ന് വിപണനക്കാർ ചെയ്യുന്നത്.
അന്തർ സംസ്ഥാന ബസുകൾ, കൊറിയർ സ്ഥാപനങ്ങൾ, ട്രെയിനുകൾ, പച്ചക്കറിയടക്കം ചരക്കുലോറികൾ തുടങ്ങിയവയെല്ലാം ലഹരിയെത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയർമാർ ബസിൽ കയറുന്നത്.
പരിശോധനയും ഒറ്റും പേടിച്ച് ഇടക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങി ബസുകൾ മാറിക്കയറിയാണ് ലഹരി കടത്തുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. അന്തർസംസ്ഥാന ബസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
അതേസമയം, ബസുകളിലെ യാത്രക്കാരുടെ ബാഗുകൾ പുലർച്ചയും മറ്റും ബസ് തടഞ്ഞ് പരിശോധിക്കുന്നതിന് പരിമിതികൾ ഏറെയുള്ളതായും അധികൃതർ വ്യക്തമാക്കുന്നു.
ഇടനിലക്കാരായി സ്ത്രീകളും
ഒരിക്കൽ പിടിക്കപ്പെടുന്നവർ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വിൽപനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി സ്ത്രീകളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. മക്കൾ ന്യൂജൻ ലഹരികൾ ഉപയോഗിക്കുന്നത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല.
കുട്ടികളും കെണിയിൽ
കഞ്ചാവ് പോലുള്ളവയിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വൻ തുക ചെലവാക്കി ഇത്തരം ലഹരി ഉപയോഗിക്കുന്നവരിൽ സ്കൂൾ കുട്ടികൾ അടക്കം ഉൾപ്പെടുന്നുണ്ട്. കഞ്ചാവ് കൂടുതലായും എത്തുന്നത് തെലങ്കാന, ഒഡിഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഓരോ മാസത്തെയും കണക്കുകൾ പരിശോധിച്ചാൽ ലഹരിക്കടത്തിൽ പിടികൂടുന്നവരുടെ എണ്ണം കൂടിവരികയാണ്. പിടികൂടുന്ന സിന്തറ്റിക് ലഹരികളുടെ അളവും കൂടുന്നുണ്ട്.
വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. പിടിയിലാകുന്നതിലേറെയും 18നും 40നും ഇടയിൽ പ്രായമുള്ളവരാണ്.
മാരകം സിന്തറ്റിക് ലഹരി
സിന്തറ്റിക് ലഹരിയുടെ അപകടമറിയാതെ അടിമപ്പെടുന്നവരാണ് അധികവും. ഇത്തരം ലഹരികൾ ഉപയോഗിക്കുന്നതോടെ വിശപ്പില്ലാതെയാകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും.
ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ആറുമാസത്തിനിടെ പന്തളം പൊലീസും എക്സൈസും പിടികൂടിയ ലഹരിക്കടത്തുകാരായ അന്തർസംസ്ഥാന തൊഴിലാളികളിൽ പത്തോളം പേർ ഉടൻ ജയിൽ മോചിതരായത് ചർച്ചയായിട്ടുണ്ട്. പ്രതികളെ ജാമ്യത്തിൽ ഇറക്കാൻ മലയാളികളും അന്യസംസ്ഥാനക്കാരും ഉൾപ്പെട്ട സംഘം ജില്ലയിലെങ്ങും സജീവമാണ്.
വിൽപനക്ക് കോഡ് ഭാഷ
കോഡുഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്സുകൾ കൊടുക്കാൻ പ്രത്യേക ഏജന്റുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ കണ്ണികൾ നീളുന്നത് അദൃശ്യ ശക്തികളിലേക്കാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇടപാടുകൾ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.