യാത്രയായത് 55 വർഷം ഉടവാൾ ഏന്തിയ പടക്കുറുപ്പ്
text_fieldsപന്തളം: വിടവാങ്ങിയത് ആചാരാനുഷ്ഠാനങ്ങൾ തെറ്റാതെയുള്ള തിരുവാഭരണ ഘോഷയാത്രയിൽ രാജപ്രതിനിധിക്ക് മുന്നിൽ 55വർഷം ഉടവാളുമേന്തി നീങ്ങിയ പടക്കുറുപ്പ്. കീഴേടത്ത് ഗോപാലകൃഷ്ണക്കുറുപ്പ് അഞ്ചുവർഷം മുമ്പ് പ്രായാധിക്യം കാരണം അനന്തരാവകാശിയായ അനിൽകുമാറിനെ ഉടവാളേൽപിച്ച് പടക്കുറുപ്പെന്ന സ്ഥാനം ഒഴിഞ്ഞിരുന്നു.
തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി സേവിക്കുന്ന പന്തളം രാജപ്രതിനിധിയുടെ ഒപ്പം ഉടവാളും പരിചയുമേന്തിയാണ് പടക്കുറുപ്പിെൻറ യാത്ര. പന്തളത്തുനിന്ന് ശബരിമല വരെയും തിരിച്ച് പന്തളത്തെത്തുന്ന വരെയും രാജാവിന് തുണയായി കുറുപ്പുണ്ടാകും.
രാജാവ് ശബരിമലയിൽ ദർശനം നടത്തുമ്പോഴും മാളികപ്പുറത്ത് കുരുതിക്ക് കാർമികത്വം വഹിക്കുമ്പോഴുമെല്ലാം കൂറുപ്പിെൻറ സാന്നിധ്യമുണ്ടാകും. 12 പേരടങ്ങുന്ന പല്ലക്ക് വാഹക സംഘത്തിെൻറ ഗുരുസ്ഥാനീയൻകൂടിയായിരുന്നു അദ്ദേഹം. കുറുപ്പന്മാരുമായുള്ള പന്തളം കൊട്ടാരത്തിെൻറ ബന്ധത്തിന് ചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. പാണ്ടിദേശക്കാരനായ പന്തളം രാജാവ് വേണാട്ടില്‍ സ്ഥാനമുറപ്പിച്ചിരുന്ന കാലത്ത് പന്തളം മാവേലിക്കര പ്രദേശത്ത് കളമെഴുത്തുകാരായ കുറുപ്പന്മാര്‍ താമസിച്ചിരുന്നു. അവര്‍ ദേവീക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടും നടത്തിവന്നിരുന്നു.
ആ കാലത്തെ കുറുപ്പന്മാരെയും കൂട്ടി പന്തളം രാജാവ് നായാട്ടിനുപോയി. നായാട്ടുകഴിഞ്ഞ് തിരികെ പന്തളത്തുവന്ന രാജാവ് അതില്‍ ചില കുറുപ്പന്മാരെ നിലക്കലില്‍ താമസിപ്പിച്ചു. കുന്നിനുമുകളില്‍ ഘോരമായ കാടായിരുന്നു. കാട് വെട്ടിത്തെളിച്ച് കുറുപ്പന്മാര്‍ നിലക്കലില്‍ താമസം തുടങ്ങി. നിലക്കലില്‍ താമസമാക്കിയ കുറുപ്പന്മാര്‍ പിന്നീട് കുന്നക്കാട്ട് കുറുപ്പന്മാരായി അറിയപ്പെട്ടു. നിലക്കലില്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു താമസം.
ശബരിമലയില്‍ മകരമാസം ഒന്നുമുതല്‍ ആറാം തീയതി വരെ അയ്യപ്പെൻറ കളമെഴുത്തും പാട്ടും മാളികപ്പുറത്തിനു സമീപമുള്ള മണിമണ്ഡപത്തില്‍ വരക്കുന്നത് കുന്നക്കാട്ട് കുറുപ്പന്മാരാണ്. മകരവിളക്ക് കഴിഞ്ഞ് നടയടക്കുന്നതിെൻറ തലേദിവസം രാത്രിയില്‍ മാളികപ്പുറത്ത് ദോഷപരിഹാരങ്ങളും കൈപ്പിഴകളും മറ്റും ക്ഷമിക്കുന്നതിനുവേണ്ടി ഗുരുതി നടത്തുന്നതും കുന്നക്കാട് കുറുപ്പന്മാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.