കെ.എസ്.ആർ.ടി.സി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അഞ്ച് ഓട്ടോറിക്ഷ തകർന്നു; മൂന്നു ഡ്രൈവർമാർക്ക് പരിക്ക്
text_fieldsപന്തളം: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി. എം.സി റോഡിൽ പറന്തൽ ജങ്ഷനിലുണ്ടായ അപകടത്തിൽ അഞ്ച് ഓട്ടോ ഭാഗികമായി തകർന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരായ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30നായിരുന്നു അപകടം.
പറന്തൽ സ്വദേശികളായ അനിൽ കോട്ടജിൽ അശോകൻ (53), പാലത്തടത്തിൽ സജീവ് (35), മുല്ലശ്ശേരിയിൽ കൃഷ്ണകുമാർ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ മൂന്ന് ഓട്ടോയും പറന്തൽ, പൊങ്ങലടി, ചരുവിള പടിഞ്ഞാറ്റിയതിൽ ജോബി, കൂടൽ നെടുമൻകാവ് അരുൺ എന്നിവരുടെ ഓട്ടോയും അപകടത്തിൽ തകർന്നു. ബസിന് കാര്യമായ കേടുപാടുകളില്ല.
പന്തളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. ഓട്ടോ സ്റ്റാൻഡിനടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം.
വളവ് തിരിഞ്ഞ് എത്തുന്ന ഭാഗത്ത് ബസ് നിർത്തുന്നതിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സാധാരണ ദിവസങ്ങളിൽ വിദ്യാർഥികളടക്കം ധാരാളം പേർ ബസ് കാത്തുനിൽക്കാറുണ്ട്. ഞായറാഴ്ച ആയതിനാൽ സ്റ്റോപ്പിൽ ആരുമില്ലായില്ലായിരുന്നു. വൻ അപകടമാണ് ഒഴിവായത്. പന്തളം പൊലീസ് തുടർനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.