രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റാറന്റ് പന്തളത്ത്
text_fieldsപന്തളം: കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന് സമീപം ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അമിനിറ്റി സെന്ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമാണ് പന്തളത്ത് ആരംഭിച്ചത്.
മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കാന്റീന് കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴില്‍രംഗത്ത് ഉയര്‍ന്ന തലത്തിൽ എത്തിക്കുകയുമാണ് പ്രീമിയം കഫേകള്‍ വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ആരംഭിച്ച പ്രീമിയം കഫേ റസ്റ്റാറന്റുകള്‍ വൻ വിജയമാണെന്നും മന്ത്രി പറഞ്ഞു.പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാർസല്‍ സര്‍വിസ്, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യ സംസ്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ട്. പൂര്‍ണമായും ശീതീകരിച്ച റസ്റ്റാറന്റിനോട് ചേര്‍ന്ന് റിഫ്രഷ്മെന്റ് ഹാള്‍, മീറ്റിങ് നടത്താനുള്ള ഹാള്‍, കുടുംബശ്രീ ഉല്പന്നങ്ങളുടെ കിയോസ്ക് ജ്യൂസ് കൗണ്ടര്‍, ഡോര്‍മിറ്ററി സംവിധാനം, റൂമുകള്‍, ശുചിമുറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവും ഉണ്ടാകും. കൂടാതെ വിരുന്ന് സല്‍ക്കാരങ്ങള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കാൻ പ്രത്യേക ഹാളും ഇതോടൊപ്പമുണ്ട്. പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ഗുണമേന്മയുള്ള ചെടികളും ഫലവൃക്ഷത്തൈകളും ലഭ്യമാകുന്ന നഴ്സറിയും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ എ.എസ്. ശ്രീകാന്ത് സ്വാഗതവും കുടുംബശ്രീ ജില്ല മിഷന് അസി. കോഓഡിനേറ്റര്‍ ബിന്ദുരേഖ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.