കുപ്പണ്ണൂർ ചാൽ പുനരുദ്ധാരണ പദ്ധതി; വകുപ്പ്തല അന്വേഷണത്തിന് സാധ്യത
text_fieldsപന്തളം: കുപ്പണ്ണൂർ ചാൽ പുനരുദ്ധാരണ പദ്ധതി മുടങ്ങാൻ കാരണം പദ്ധതി രൂപവത്കരണത്തിലെ അപാകതയെന്ന് ആക്ഷേപം. വകുപ്പ്തല അന്വേഷണത്തിന് സാധ്യത. മൂന്ന് പതിറ്റാണ്ടായി കൃഷി മുടങ്ങിയ കുപ്പണ്ണൂർ ഏലായിൽ കൃഷി ആരംഭിക്കാൻ ലക്ഷ്യമിട്ട് വീണാ ജോർജ് എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് തുടക്കത്തിലെ മുടങ്ങിയത്.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2.18 കോടി അനുവദിച്ച് തയാറാക്കിയ പദ്ധതിയിലാണ് ഉദ്യോഗസ്ഥ വീഴ്ചയിൽ പാകപ്പിഴയുണ്ടായത്. തണ്ണീർത്തട നിയമം ലംഘിച്ച് കുപ്പണ്ണൂരിൽ നാലുമീറ്റർ വീതിയിൽ ബണ്ട് നിർമിക്കാൻ പദ്ധതിയിൽ പണം അനുവദിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. മെഴുവേലി പഞ്ചായത്തിലെ കുറിയാനിപ്പള്ളിയിൽനിന്നും ആരംഭിച്ച് കുളനടയിലെ കുപ്പണ്ണൂരിൽ അവസാനിക്കുന്ന ചാലിന് രേഖകളിൽ നാലുമീറ്റർ വീതിയുെണ്ടങ്കിലും നിലവിൽ അര മീറ്ററായി ചുരുങ്ങി.
ചാൽ പൂർവ സ്ഥിതിയിലാക്കാൻ ലക്ഷ്യമിട്ട് തയറാക്കിയ പദ്ധതി രൂപവത്കരണത്തിലാണ് പാകപ്പിഴ ഉണ്ടായത്. എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ പദ്ധതി രൂപവത്കരണം നടത്തിയത് ചെറുകിട ജലസേചന വകുപ്പാണ്.
പദ്ധതി തയാറാക്കിയ വേളയിൽ പഞ്ചായത്തിെൻറ സഹായത്തോടെയാണ് പദ്ധതി രൂപവത്കരണം പൂർത്തീകരിച്ചതെന്ന് വകുപ്പ്തല മേധാവി പറയുന്നു. പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ബണ്ട് നിർമാണം എങ്ങനെ കടന്നുകൂടിയെന്നതിന് മറുപടി നൽകാൻ അധികൃതർക്ക് ആകുന്നില്ല. വകുപ്പ്തലത്തിൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവരുടെ പേരിൽ നടപടിയെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. ഒപ്പം പദ്ധതിക്ക് പുനർ എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടിയും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.