മലയിടിച്ച് മണ്ണ് കടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
text_fieldsപന്തളം: കുളനട പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ മലയായ കടലിക്കുന്ന് മലയിടിച്ച് മണ്ണ് കടത്താനുള്ള മാഫിയയുടെ നീക്കം നാട്ടുകാർ തടഞ്ഞു.തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നിരവധി ടിപ്പറുകളും മണ്ണുമാന്തി യന്ത്രവുമായി ഒരു സംഘം മലയിടിച്ച് മണ്ണ് കടത്താൻ ശ്രമം ആരംഭിച്ചത്. ദേശീയപാത നിർമാണത്തിന് എന്ന വ്യാജേനയാണ് ഖനനം. 2014ൽ 15 ഏക്കർ വരുന്ന ഈ മലയിടിച്ച് മണ്ണ് കടത്താൻ ശ്രമം നടന്നു.
അന്നും നാട്ടുകാർ എതിർപ്പുമായി രംഗത്ത് വന്നതോടെ മാഫിയ പണി നിർത്തി പോയി. എന്നാൽ, കഴിഞ്ഞ ജനുവരിയിൽ വീണ്ടും മണ്ണ് മാഫിയ ഇവിടം പിടിമുറുക്കി. കടലിക്കുന്ന വാർഡിലെ 10 ഏക്കറോളം വരുന്ന ചുവട്ടാന മലയും നന്ദലതെയ്യത്ത് മലയുടെ വടക്കേതിൽ വലിയ കാലാ, മാവുനിൽക്കുന്നതിൽ എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന കൊച്ച് കടലിക്കുന്ന് മലയും ഇടിച്ച് നിരത്തി തുടങ്ങി.
മണ്ണെടുപ്പിനുമെതിരെ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി കലക്ടർക്കും ജിയോളജി വകുപ്പിനും പരാതി നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് തിങ്കളാഴ്ച ടോറസും മണ്ണുമാന്തിയുമായി ഖനനം ആരംഭിച്ചത്. കൈപ്പുഴ ഇരട്ടകുളങ്ങര ഷൈല മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 15 ഏക്കർ വരുന്ന സ്ഥലത്തുനിന്നാണ് മണ്ണെടുപ്പ്. ഇലവുംതിട്ട പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.