നിണമണിഞ്ഞ് എം.സി റോഡ്; അപകടങ്ങൾക്ക് അറുതിയില്ല
text_fieldsപന്തളം: എം.സി റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുളനട ജങ്ഷന് സമീപം സീരിയൽ നടി അമിത വേഗത്തിൽ ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. നടിയും ആൺ സുഹൃത്തും മദ്യലഹരിയിലായിരുന്നു. നിർത്തിയിട്ട കാറിലും മറ്റൊരു ലോറിയിലും ആണ് കാർ ഇടിച്ചു കയറിയത്. വെള്ളിയാഴ്ച രാവിലെ തേങ്ങയും കയറ്റിവന്ന ലോറി കാറിൽ ഇടിച്ച് എം.സി റോഡിൽ മറിഞ്ഞതാണ് ഒടുവിലത്തെ സംഭവം.
എം.സി റോഡിൽ കുരമ്പാല മുതൽ കുളനട മാന്തുക വരെ വാഹനങ്ങൾ പരമാവധി വേഗം കൂട്ടുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. വാഹനങ്ങളുടെ അനിയന്ത്രിത പെരുപ്പവും റോഡിലെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും നിർമാണത്തിലെ അശാസ്ത്രീയതയും അപകടകരമായ ഡ്രൈവിങ്ങും എം.സി റോഡിനെ ചോരക്കളമാക്കുന്നു.
എം.സി റോഡിൽ അപകടം ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല. ഒട്ടേറെ അപകടത്തുരുത്തുകളാണ് റോഡിലുള്ളത്. പറന്തൽ, കുരമ്പാല, മെഡിക്കൽ മിഷൻ, കുളനട, ഇവിടെനിന്ന് എല്ലാ ദിവസവും അപകടം റിപ്പോർട്ട് ചെയ്യുന്നു. അപകട മേഖലയായ കുളനട പെട്രോൾ പമ്പിന് സമീപത്ത് എം.സി റോഡിലെ വളവ് അപകടക്കെണിയാണ്. കുത്തനെയുള്ള വളവുകളും വീതി ഏറിയും കുറഞ്ഞുമുള്ള ഭാഗങ്ങളും അപകട കേന്ദ്രങ്ങളാണ്. റോഡിലെ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടമായി എതിർദിശയിലേക്ക് കടന്ന് മറ്റ് വാഹനങ്ങളെ ഇടിക്കും. മാന്തുക രണ്ടാം പുഞ്ചയിലും ഒന്നാം പുഞ്ചയിലും വളവുകളിൽ അപകടം പതിവാണ്.
രാത്രികാലങ്ങളിൽ വഴിവിളക്ക്, ബോർഡുകൾ, സോളാർ ലൈറ്റുകളെല്ലാം തന്നെ പൂർണമായും പ്രവർത്തനരഹിതമായി. നഗരസഭയുടെ പരിധിയിൽ പെടുന്ന ഭാഗങ്ങളിൽ മാത്രം വൈദ്യുതി പോസ്റ്റുകളിൽ വെളിച്ചമുണ്ട്.
കുളനട പഞ്ചായത്ത് പ്രദേശങ്ങൾ വരുന്ന ഭാഗങ്ങൾ ഭൂരിഭാഗവും കൂരിരുട്ടിലാണ്. റിഫ്ലക്ടർ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും വാഹനങ്ങൾ ഇടിച്ച് തകർക്കുന്നതും പതിവാണ്.
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് ക്ഷേത്രദർശനത്തിന് പോയ കുടുംബം സഞ്ചരിച്ച കാർ
തിരുവല്ല: തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിലെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ച ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലം രാമൻകുളങ്ങര സമൃദ്ധി വീട്ടിൽ കീർത്തി (17), കീർത്തിയുടെ മുത്തശ്ശി ആനന്ദവല്ലി അമ്മ (74) എന്നിവർക്കാണ് പരിക്കേറ്റത്. പനച്ചിക്കാട് ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിക്ക് മുൻവശത്തായിരുന്നു അപകടം.
മാവേലിക്കര ഭാഗത്തുനിന്ന് എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽനിന്ന് മെറ്റൽ കയറ്റി വന്ന മിനി ലോറിയുടെ പിൻവശത്തെ ചക്രത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. മുൻവശത്തെ ടയർ ഇളകി മാറി. അപകടത്തിൽ തലക്കും മുഖത്തും പരിക്കേറ്റ കീർത്തിയേയും ആനന്ദവല്ലിയമ്മയെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കീർത്തിയുടെ അമ്മയും സഹോദരനും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയതിനെ തുടർന്ന് റോഡിലേക്ക് പരന്നൊഴുകിയ ഡീസൽ അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാറും ലോറിയും കൂട്ടിയിടിച്ചു: കാർ യാത്രികന് പരിക്ക്
പന്തളം: കാറും ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ലോറി എം.സി റോഡിൽ മറിഞ്ഞ് കാർ ഓടിച്ചിരുന്ന വയോധികന് പരിക്കേറ്റു. കുളനട, ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ലാൽ ഭവനിൽ ലാൽകുമാറിനാണ് (63) പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ എം.സി റോഡിൽ കൈപ്പുഴ വായനശാലക്ക് സമീപമാണ് അപകടം. പന്തളം ഭാഗത്തുനിന്ന് കുളനടയിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ തേങ്ങയും കയറ്റിവന്ന ലോറിയുമാണ് ഇടിച്ചത്. കാറിലിടിച്ച ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കാർ പൂർണമായും തകരുകയും ചെയ്തു. അരമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിപ്പോയ ലാൽകുമാറിനെ കാറിന്റെ കതക് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊള്ളാച്ചിൽനിന്ന് കൊട്ടാരക്കരക്ക് തേങ്ങ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. പിന്നീട് ക്രയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്.
അടൂരിൽ നിന്നും അഗ്നിരക്ഷാസേനയും പന്തളം പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.