മകളുടെ മരണത്തിൽ ദുരൂഹത; മാതാപിതാക്കളുടെ മൊഴിയെടുത്ത് കായംകുളം പൊലീസ്
text_fieldsപന്തളം: ദുരൂഹ സാഹചര്യത്തിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൃദ്ധരായ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താൻ കായംകുളം പൊലീസ് പന്തളത്തെ വീട്ടിലെത്തി. എറണാകുളം കലൂർ സ്വദേശി, കടയക്കാട് സൽമാ മൻസിൽ വാടകക്ക് താമസിക്കുന്ന ഉമ്മർ കുട്ടി- സുനിത ദമ്പതികളുടെ ഏക മകൾ ഉമൈറ (21) ഭർതൃ വീടായ കായംകുളത്ത് മരിച്ച സംഭവത്തിൽ 10 ദിവസം കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്തുന്നത് വൈകിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കായംകുളം എസ്.ഐ എസ്.നിയാസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങിയത്. വൈകീട്ട് 5.30 വരെ നീണ്ടു. വനിത എ.എസ്.ഐ റീന, കോൺസ്റ്റബിൾ സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശരീരം പൂർണമായും തളർന്ന് കിടപ്പിലായ ഉമ്മർ കുട്ടിയെ നേരിൽ കണ്ട പൊലീസ് ഭാര്യ സുനിതയിൽ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. മകളെ വിവാഹം കഴിച്ചയച്ച നാൾ മുതൽ മരണത്തിലേക്ക് എത്തിച്ച സാഹചര്യം വരെ ചോദിച്ചറിഞ്ഞു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത് സംഭവത്തിൽ വിശദ അന്വേഷണം തുടങ്ങിയതായി എസ്.ഐ എസ്.നിയാസ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ഭർതൃവീടായ കായംകുളം കുറ്റിത്തെരുവ് പുള്ളിക്കണക്ക് റഷീദ മൻസിലിൽ അഷ്റഫിന്റെ മകൻ ഷംനാദിന്റെ വീട്ടിൽ വെച്ചാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാർത്തികപ്പള്ളി തഹസിൽദാരാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം പന്തളത്ത് ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.