പ്രതീക്ഷിച്ച താങ്ങുവില ഇല്ല; പച്ചക്കറി കർഷകർക്ക് ദുരിതം
text_fieldsപന്തളം: പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് പ്രതീക്ഷിച്ച താങ്ങുവില കിട്ടിയില്ല. 2020-21ൽ മാത്രമാണ് കുറച്ചു കർഷകർക്കെങ്കിലും മെച്ചപ്പെട്ട താങ്ങുവില ലഭിച്ചത്. രജിസ്ട്രേഷൻ നടപടികളിലെ ബുദ്ധിമുട്ടുകാരണം ഒട്ടുമിക്ക കർഷകരും രജിസ്റ്റർ ചെയ്യാനും തയാറാകുന്നില്ല.
വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഒഫ് കേരള, അല്ലെങ്കിൽ സംഘങ്ങൾ വഴി വിപണനം നടത്തുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. വ്യാപകമായി കൃഷിചെയ്തു വിപണികളിൽ എത്തിക്കുന്ന കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല. പന്തളം തെക്കേക്കര, തുമ്പമൺ, കുളനട പഞ്ചായത്തിലെ കർഷകരാണ് ഏറെയുള്ളത്. അവർ കിട്ടുന്ന വിലയ്ക്ക് മൊത്തക്കച്ചവടക്കാർക്കോ, ചില്ലറ വിൽപനക്കാർക്കോ കൈമാറുകയാണ് ചെയ്യുന്നത്.
കൃഷി ചെയ്ത് 15 ദിവസത്തിനകം അക്ഷയകേന്ദ്രം വഴി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in subhisha kerala login) കർഷകർ രജിസ്റ്റർ ചെയ്യണം. ദിവസങ്ങൾ നടന്നാൽ മാത്രമേ സൈറ്റ് ലഭ്യമാകൂ. അതുകൊണ്ടുതന്നെ പലപ്പോഴും രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ കഴിയാറില്ല എന്നാണ് കർഷകർ പറയുന്നത്. ഒരു രജിസ്ട്രേഷന്‍റെ കാലാവധി (പച്ചക്കറിക്ക്) മൂന്നു മാസമാണ്. മൂന്നു മാസത്തെ വിളവെടുപ്പിൽ വിളകൾക്ക് ഉണ്ടാകുന്ന വിലക്കുറവിനു മാത്രമാണ് താങ്ങുവില ലഭിക്കുന്നത്.
രജിസ്റ്റർ ചെയ്ത് കായ് ഫലം ലഭിക്കുന്നതിനു മുമ്പ് ചെടി നശിച്ചാൽ വീണ്ടും കൃഷി ചെയ്യേണ്ടിവരാറാണ് പതിവ്. നിലവിലെ വില അനുസരിച്ച് താങ്ങുവില വളരെ അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നത്. ഇതിൽ പലതിന്‍റെയും വിലമാർക്കറ്റ് തന്നെ ഇരട്ടിയാണ്. ചെലവിനനുസരിച്ച് ഇപ്പോൾ കിട്ടുന്ന വിലപോലും കുറവായ സാഹചര്യത്തിൽ താങ്ങുവില കൂട്ടാൻ നടപടി എടുക്കണം എന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.