കാത്തിരിപ്പിന് വിരാമം; വയറപ്പുഴ പാലത്തിന്റെ പൈലിങ് ആരംഭിച്ചു
text_fieldsപന്തളം: നീണ്ട കാത്തിരിപ്പിന് ശേഷം വയറപ്പുഴ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. ബുധനാഴ്ച രാവിലെ 9.30ന് പന്തളം മഹാദവർ ക്ഷേത്രം കീഴ്ശാന്ത്രി അനിൽകുമാറിന്റെ മുഖ്യകാർമികത്വത്തിൽ പൂജ നടത്തി.
പൊതുമരാമത്ത് വകുപ്പ് എ.ഇ സി. ചന്തു, എ.എക്സ്.ഇ ഷീജ തോമസ്, നിർമാണ കമ്പനി പ്രതിനിധി ആന്റണി, നഗരസഭ കൗൺസിലരായ ബെന്നി മാത്യു, സുനിത വേണു, പന്തളം മഹാദേവ ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് എം.ജി. ബിജുകുമാർ എന്നിവരും പങ്കെടുത്തു. മാർച്ച് ആറിന് പാലത്തിന്റെ മറുകരയായ കുളനട പഞ്ചായത്തിലെ നെട്ടൂരിൽ മന്ത്രി മുഹമ്മദ് റിയാസ് നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. നിരവധി തവണ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കരാറുകാർ പിന്മാറുകയായിരുന്നു. പന്തളം നഗരസഭയിലെ മുളമ്പുഴ ഭാഗത്തുനിന്നും കുളനട പഞ്ചായത്തിലെ നെട്ടൂരുമായി ബന്ധിപ്പിക്കുന്ന പുതിയ പാലമാണ് നിലവിൽ വരുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും നിർമാണ സാമഗ്രികളുടെ വില വർധനമൂലം കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. തുടർന്ന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ തുക വർധിപ്പിക്കുകയായിരുന്നു. ആദ്യം 8.5 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്.
കെ.സി. രാജഗോപാലൻ ആറന്മുള എം.എൽ.എ ആയിരിക്കുമ്പോഴാണ് ആദ്യശ്രമം തുടങ്ങുന്നത്. അന്ന് മണ്ണ് പരിശോധനയും സ്ഥലം ഏറ്റെടുപ്പും നടന്നു. പിന്നീട് വീണ ജോർജ് എം.എൽ.എയായി വന്നതോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചു.
വയറപ്പുഴ കടവ് കടക്കാൻ ആശ്രയം കടത്തുവള്ളമാണ്. പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവകാലത്ത് മഹാദേവ ഹിന്ദുസേവാ സമിതിയും കരക്കാരും ചേർന്ന് താൽക്കാലിക പാലം പണിയാറുണ്ട്.
അച്ചൻകോവിൽ ആറിന് കുറുകെ പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമാണിത്. പുതിയ പാലം അച്ചൻകോവിലാറിനു കുറുകെ പന്തളം നഗരസഭയിലെ മുളമ്പുഴയെയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയെയും ബന്ധിപ്പിച്ചാണ് പണിയുന്നത്. പന്തളം ജങ്ഷനിലെ ഗതാഗതക്കുരുക്കിൽപെടാതെ എം.സി റോഡിൽ യാത്രാമാർഗം തുറന്നുകിട്ടുമെന്നതാണ് പുതിയ പാലത്തിന്റെ പ്രധാന നേട്ടം.
മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം ജങ്ഷൻ ചുറ്റാതെ മാന്തുകയിലെത്തി എം.സി റോഡിലേക്ക് പ്രവേശിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.