തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് ആറുമാസം; പന്തളം ഇരുട്ടിൽ
text_fieldsപന്തളം: പന്തളം നഗരസഭ പ്രദേശങ്ങൾ ആറുമാസമായി കൂരിരുട്ടിലാണെന്നും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണെന്നും തെരുവുവിളക്ക് പരിപാലനം അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
തെരുവുവിളക്ക് പരിപാലനത്തിന് കൗൺസിലിൽ 25 ലക്ഷം രൂപ വകയിരുത്തിയതായി പ്രഖ്യാപനമുണ്ടായെങ്കിലും 2024-25 പദ്ധതിയിൽ ഒരു രൂപപോലും വകയിരുത്താത്തത് ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണ്.
യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചതോടെ തനതു ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വകയിരുത്തിയത്. എന്നാൽ, ഡി.പി.സി അംഗീകാരം ലഭിക്കണമെങ്കിൽ ആഗസ്റ്റ് 21വരെ കാത്തിരിക്കേണ്ടി വരും.
നടപടിക്രമങ്ങൾ കഴിഞ്ഞ് അംഗീകൃത ഏജൻസിയിൽനിന്ന് സാധനങ്ങൾ വാങ്ങിയാൽപോലും എ.എം.സി ടെൻഡർ വിളിച്ച് നടപടി പൂർത്തീകരിക്കണമെങ്കിൽ തന്നെ ആഗസ്റ്റ് പത്താം തീയതിയാകും.
ഒരു വാർഡിൽ ലൈറ്റിടാൻ മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നിരിക്കേ ഓണത്തിന് മുമ്പ് തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കൗൺസിലർമാരെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
ആശങ്ക വേണ്ടെന്നും ഓണത്തിനു മുമ്പ് ലൈറ്റ് തെളിക്കുമെന്നും സെക്രട്ടറി ഉറപ്പുതന്നതോടെ യു.ഡി.എഫ് കൗൺസിലർമാർ സംവാദം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.