ചുവടുദ്രവിച്ച് അപകടാവസ്ഥയിലാണ് കൂറ്റൻ മാവ്; പന്തളത്തെ പൈതൃക മരങ്ങളിലൊന്ന് ഇന്ന് മുറിക്കും
text_fieldsപന്തളം: പന്തളത്തെ പൈതൃക മരങ്ങളിലൊന്ന് വ്യാഴാഴ്ച മുറിച്ചു മാറ്റും. 100 വർഷത്തിലധികം പഴക്കമുള്ള രണ്ട് മാവുകളിലൊന്നാണ് അപകട ഭീഷണിയെത്തുടർന്ന് മുറിക്കുന്നത്.
പന്തളം-മാവേലിക്കര റോഡിൽ മാർക്കറ്റിന് മുന്നിലായി റോഡരികിൽ ഉണ്ടായിരുന്ന ചുവടുദ്രവിച്ച അപകടാവസ്ഥയിലുള്ള കൂറ്റൻ മരമാണ് വ്യാഴാഴ്ച മുറിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ മരം മുറിക്കാൻ കഴിഞ്ഞ 22ന് കലക്ടർ കെ.എസ്.ടി.പിക്ക് നിർദേശം നൽകിയിരുന്നു.
തുടർച്ചയായ മഴ കാരണമാണ് നടപടി വൈകിയത്. കെ.എസ്.ആർ.ടി.സി റോഡിൽ രണ്ടു മാവ് നിൽക്കുന്നതിൽ ചെറിയ മാവാണ് മുറിക്കുന്നത്. കെ.എസ്.ടി.പിക്കാണ് മരം മുറിക്കുന്നതിനുള്ള ചുമതല. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു.
ഇതേ മരങ്ങളിൽ തമ്പടിക്കുന്ന ദേശാടനപ്പക്ഷികളുടെ മാലിന്യപ്രശ്നം പരിഹരിക്കാൻ രണ്ടുവർഷം മുമ്പ് നഗരസഭ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് വലകൾ ഇട്ടിരുന്നു. എന്നാൽ, കഴിഞ്ഞവർഷം ജൂണിലാണ് ചെറിയ മരത്തിന്റെ ചുവടെ ദ്രവിച്ച നിലയിൽ കാണപ്പെട്ടത്.
തിരക്കേറിയ റോഡിൽ ദ്രവിച്ച മരം അപകടാവസ്ഥയിൽ നിൽക്കുന്നത് നഗരസഭ അധികൃതർ കലക്ടറെ അറിയിക്കുകയായിരുന്നു. വനം, റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് നടപടി ആരംഭിച്ചിരുന്നു. മരം മുറിച്ച് ശേഷം മൂല്യം നിർണയിച്ച് ലേലം ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
മുമ്പ് മരങ്ങൾ വെട്ടാൻ ഹൈകോടതിയുടെ വിലക്കുണ്ട്. 100 വർഷത്തിലധികം പഴക്കമുണ്ട് മരങ്ങൾക്ക് ദേശാടനപ്പക്ഷികളുടെ കാഷ്ഠം കാരണമുള്ള പരാതികളേറിയതോടെ നഗരസഭ വെട്ടാനൊരുങ്ങിയത്.
പ്രകൃതി സ്നേഹികൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെ മരങ്ങൾ മുറിക്കുന്നത് പ്രതിസന്ധിയിലായി. രണ്ടിൽ ഒരു മരത്തിന്റെ ചുവട് ഉണങ്ങി അപകട അവസ്ഥയിൽ ആയതിനെ തുടർന്നാണ് ചുവട് ഉണങ്ങിയ മരമാണ് ഇപ്പോൾ മുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.