പന്തളം ബൈപാസിനായി വസ്തു അളന്ന് കല്ലിട്ടിട്ട് ഒരു വർഷം
text_fieldsപന്തളം: പന്തളം ബൈപാസിനായി വസ്തു അളന്ന് കല്ലിട്ടിട്ട് ഒരു വർഷം പൂർത്തിയായിട്ടും തുടർനടപടികൾ ഇഴയുന്നു. പദ്ധതിക്കായി സ്ഥലം അളന്നു കല്ലിടുന്ന ജോലികൾ ഒരു വർഷം മുമ്പ് പൂർത്തിയായി. ഇതനുസരിച്ച രൂപരേഖ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ, കിഫ്ബിയുടെ ചുമതലയുള്ള കായംകുളം ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് കൈമാറിയിട്ട് മാസങ്ങളായി.
സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് നിലവിൽ പരാതികൾ ഇല്ലാത്തതിനാൽ പ്രക്രിയ സുഗമമായി നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. ഒട്ടുമിക്ക വികസന പ്രവർത്തനങ്ങൾക്കും സ്ഥലം വിട്ടുനൽകാതെ തർക്കങ്ങൾ നിലനിൽക്കുമ്പോൾ പന്തളത്തെ ബൈപാസിന് സ്ഥലം ഏറ്റെടുക്കൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല എന്നതും പ്രത്യേകതയാണ്. എന്നിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അധികൃതർ വേഗം കാട്ടുന്നില്ല.
അന്തിമ പരിശോധന നടത്തും
പദ്ധതിയുടെ രൂപരേഖ പ്രകാരമുള്ള സർവേ നമ്പർ അടിസ്ഥാനമാക്കി അന്തിമപരിശോധന നടത്തും. സ്ഥലം ഏറ്റെടുക്കൽ ജോലികൾ തുടർന്ന് നടക്കും. എത്രയും വേഗം നിർമാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ രൂപരേഖ തയാറാക്കി കിഫ്ബി ചുമതലയുള്ള തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. ഇനി കിഫ്ബി, റവന്യൂ, റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഗതാഗതക്കുരുക്ക് അഴിയും
പദ്ധതിയുടെ നിർമാണോദ്ഘാടനം 2018 നവംബറിലായിരുന്നു. സ്ഥലം അളന്നുതിട്ടപ്പെടുത്തുന്ന ജോലിക്ക് കാലതാമസം നേരിട്ടു. എം.സി റോഡിൽ, കാത്തലിക് സിറിയൻ ബാങ്കിന് എതിർവശത്തുനിന്ന് തുടങ്ങി, മന്നം ആയുർവേദ ആശുപത്രി, മുട്ടാർ ജങ്ഷൻവഴി മണികണ്ഠനാൽതറയിൽ എത്തുന്ന രീതിയിലാണ് ബൈപാസ്.
12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റെ നീളം 3.8 കിലോമീറ്ററാണ്. 28.78 കോടിയാണ് നിർമാണച്ചെലവ്. ബൈപാസ് യാഥാർഥ്യമായാൽ പന്തളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ശബരിമല തീർഥാടനംകൂടി ആരംഭിക്കുമ്പോൾ പന്തളത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. പദ്ധതി യാഥാർഥ്യമായാൽ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്കും ആശ്വാസമാകും.
രൂപരേഖ കലക്ടറേറ്റിൽ
ബൈപാസിന്റെ രൂപരേഖ കലക്ടറേറ്റിൽ പരിഗണിച്ചിട്ട് തന്നെ എട്ടു മാസത്തിലേറെയായി. രൂപരേഖ പ്രകാരം 11 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ചേരിയക്കൽ മന്നം ആയുർവേദ ആശുപത്രി ജങ്ഷൻ മുതൽ മുട്ടാർ ജങ്ഷൻവരെ റോഡ് പദ്ധതിയുടെ ഭാഗമാകും. റോഡ് കടന്നുപോകുന്ന കൂടുതൽ ഭാഗവും പാടവും നീർച്ചാലുമാണ്.
തോന്നല്ലൂർ വൃദ്ധസദനത്തിനു സമീപത്തെ ഒരു വീട് മാത്രമാണ് പൂർണമായി ഏറ്റെടുക്കുക. മുട്ടാർ നീർച്ചാൽ കടന്നാണ് ബൈപാസ് എം.സി റോഡിലെ മണികണ്ഠനാൽത്തറയിൽ ചേരുന്നത്. ഏകദേശം 500 മീറ്ററോളം ഭാഗമാണ് പദ്ധതിയിലുള്ളത്. മുട്ടാർ നീർച്ചാലിനോട് ചേർന്ന ചതുപ്പുസ്ഥലത്ത് വൻ തോതിൽ ചളി അടിഞ്ഞതിനാലും മണ്ണിന് ഉറപ്പ് ഇല്ലാത്തിനാലും ഈ ഭാഗത്ത് പ്രാഥമിക ഘട്ടത്തിൽ സർവേ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇത് പദ്ധതിക്ക് തടസ്സമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.