പന്തളത്ത് പാലം തകർച്ചക്ക് 31 ആണ്ട്; സുഷമ ആഴങ്ങളിൽ മറഞ്ഞതിനും
text_fieldsപന്തളം: സൈനികരടക്കം സർവസംവിധാനവും ഒരു മാസത്തിലേറെയായി തിരച്ചിൽ നടത്തിയിട്ടും അർജുനെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുമ്പോഴും പന്തളത്ത് ശക്തമായ മഴയിൽ പാലം തകർന്ന് അച്ചൻകോവിലാറ്റിൽ അകപ്പെട്ട സുഷമയെ കാണാതായിട്ട് 31 വർഷം കഴിയുന്നു.
അച്ചൻകോവിലാർ കലിതുള്ളിയൊഴുകിയ ശക്തമായ മഴയിൽ 1992 നവംബർ 14ന് ബ്രിട്ടീഷുകാർ പണിത പന്തളം വലിയപാലം തകർന്ന് പുഴയിലേക്ക് വീണ സുഷമയെ കാണാതായിട്ട് 31 വർഷം കഴിയുന്നു. അച്ചൻകോവിലാറിന്റെ ഒഴുക്കിൽപെട്ടെന്ന തീരുമാനത്തിൽ ഒടുവിൽ എത്തിച്ചേരുകയായിരുന്നു. 1992ലെ ശക്തമായ തുലാമഴയിൽ അച്ചൻകോവിൽ മലയിലെയും കോന്നി വനമേഖലയിലെയും മരങ്ങളെയും മുളങ്കാടിനെയും വഹിച്ചെത്തിയ വെള്ളം അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർത്തിയത്.
പഴയ ഇരുമ്പുപാലത്തിലും സമീപത്തെ പുതിയ കോൺക്രീറ്റ് പാലത്തിലും നിറയെ പേർ പുഴയുടെ താണ്ഡവം കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അച്ചൻകോവിലാറ്റിൽ ഒഴുകിവരുന്ന തടി പിടിക്കാൻ പൊക്കം കുറവുള്ള ഇരുമ്പുപാലത്തിലായിരുന്നു കൂടുതൽ ആളുകൾ നിന്നത്. കൂടെ മരപ്പണിക്കാരൻ പന്തളം, തോന്നല്ലൂർ കുഴിയിൽ വാസുദേവനാചാരിയും ഭാര്യ സുഷമയുമുണ്ടായിരുന്നു. വാസുദേവൻ പിടിച്ച് കരയിലേക്കടുപ്പിക്കുന്ന തടികൾ കെട്ടാനുള്ള കയറെടുക്കാനായാണ് മറുകരയിൽനിന്ന് സുഷമ പഴയപാലത്തിൽ കയറിയത്.
പാലത്തിന്റെ നടുവിലെത്തുമ്പോഴേക്കും മരങ്ങൾ ഇടിച്ച് ബലക്ഷയമായ പാലത്തിന്റെ കിഴക്കുഭാഗത്തെ തൂണുകൾ ഒന്നൊന്നായി നിലംപൊത്തി തുടങ്ങി. കുലുക്കം തുടങ്ങിയപ്പോൾതന്നെ പലരും ഓടി രക്ഷപ്പെട്ടു. എന്നാൽ, സുഷമയും വാസുദേവന്റെ അനുജൻ രാമചന്ദ്രന്റെ ഭാര്യ സുലോചനയും കുളനട, കൈപ്പുഴ കരയത്ത് കിഴക്കേതിൽ ജാനകിയും പാലത്തിനൊപ്പം വെള്ളത്തിലേക്ക് പതിച്ചു.
എ.ഡി.1904ൽ പണിത് ചരിത്രസ്മാരകമായി നിലകൊണ്ട പാലത്തിനൊപ്പം പാലത്തിന്റെ കരയിൽ തണൽ പരത്തിനിന്ന മരമുത്തശ്ശിയും(തകര മരം) വെള്ളത്തിലേക്ക് പതിച്ചു.
കുത്തൊഴുക്കിൽ ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും ആരുടെയും മൃതദേഹം കണ്ടെത്താനായില്ല. സുലോചനയുടെ മൃതദേഹം വീയപുരം ഭാഗത്തുനിന്ന് ഒരാഴ്ചക്കുശേഷം കണ്ടെത്തി. ഒരു മാസത്തിനുശേഷം ജാനകിയുടെ മൃതദേഹത്തിന്റെ അവശിഷ്ടം പാലത്തിനു താഴെനിന്നുതന്നെ കണ്ടെത്തി. സുഷമയെ മാത്രം കണ്ടെത്താനായില്ല.
വളരെനാൾക്കുശേഷം മണൽ വാരുന്നവർ കണ്ടെത്തിയ മൃതദേഹാവശിഷ്ടം സുഷമയുടേതെന്ന സംശയിച്ചെങ്കിലും സ്ഥിരീകരണമില്ലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട വാസുദേവനും രാമചന്ദ്രനും അടുത്ത കാലത്ത് വിടപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.