കാൽ നൂറ്റാണ്ട് പിന്നിട്ട ഉറപ്പ്; ഇനിയും സ്ഥലമാകാതെ പന്തളം ഫയർ സ്റ്റേഷൻ
text_fieldsപന്തളം: 25 വർഷം മുമ്പ് സർക്കാറിന്റെ അനുമതിയും 2019ൽ ഉറപ്പും ലഭിച്ച പന്തളം അഗ്നിരക്ഷാസേന നിലയം പദ്ധതിയുടെ സാധ്യത മങ്ങി. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ ഇതുവരെയായിട്ടും ബന്ധപ്പെട്ടവർക്ക് സാധിച്ചില്ല. പന്തളം പൂഴിക്കാട് ചിറമുടിയിലെ 40 സെന്റ് സ്ഥലമാണ് ഏറ്റവുമൊടുവിൽ പരിഗണിച്ചത്. തൊട്ടടുത്ത് 33 കെ.വി സബ് സ്റ്റേഷൻ പ്രവർത്തിക്കുന്നതുകൊണ്ട് സ്റ്റേഷൻ ഇവിടെ സ്ഥാപിക്കുന്നതിൽ അഗ്നിരക്ഷാസേന അധികൃതർക്ക് താൽപര്യമില്ല. ജില്ലയിൽ സ്റ്റേഷൻ അനുവദിച്ചാൽ ആദ്യത്തേത് പന്തളത്തായിരിക്കുമെന്ന് 2019 ഏപ്രിലിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പിന്നീട് പരിഗണിക്കപ്പെട്ട ആറന്മുള അഗ്നിരക്ഷാസേന നിലയം പ്രവർത്തിച്ചുതുടങ്ങി.
ജില്ലയിൽ പന്തളത്തിന് ആദ്യ പരിഗണന നൽകാമെന്ന ഉറപ്പും സർക്കാർ പാലിച്ചില്ലെന്നാണ് ആക്ഷേപം. സ്റ്റേഷൻ സ്ഥാപിക്കാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സർക്കാർതലത്തിൽ വ്യത്യസ്തഘട്ടങ്ങളിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിൽ നഗരസഭ ഭരണസമിതികൾ കാട്ടിയ അലംഭാവമാണ് പദ്ധതിക്ക് പ്രതിസന്ധിയായത്.
2001ലാണ് ആദ്യ അനുമതി ലഭിക്കുന്നത്. 2007ൽ ആദ്യ നടപടിയായി പൂഴിക്കാട് ചിറമുടിയിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ ഷെഡ് നിർമാണത്തിനു തുടക്കമിട്ടു. മേൽക്കൂരയോളമെത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അനിശ്ചിതത്വം നീണ്ടതോടെ, 2014ൽ കുളനടയിൽ സ്ഥാപിക്കാനായി ശ്രമം. പന്തളത്തുതന്നെയെന്ന് പിന്നീട് സർക്കാറിന്റെ ഉറപ്പ് കിട്ടി. പൂഴിക്കാട് ചിറമുടിയിലെ 40 സെന്റ് സ്ഥലം നൽകാമെന്ന നഗരസഭ കൗൺസിൽ തീരുമാനം സർക്കാർ അംഗീകരിച്ചു. സ്ഥലം കൈമാറി, കെട്ടിട നിർമാണം ഉൾപ്പെടെ പൂർത്തിയാകുന്നത് വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുമതിയും ലഭിച്ചു. ഇതിനായി, പൂഴിക്കാടിനു സമീപം വാടകക്കെട്ടിടം കണ്ടെത്തി ഉടമയുമായി ധാരണയിലെത്തി. നടപടികൾ വൈകിയതോടെ കെട്ടിട ഉടമ വിസമ്മതം അറിയിച്ചു പിൻവാങ്ങി.
സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലം അന്വേഷിക്കുന്നതിനിടയിൽ പന്തളം പാലത്തിനു സമീപത്തെ സ്ഥലം കണ്ടെത്തിയിരുന്നു. അച്ചൻകോവിലാറിനോട് ചേർന്നുള്ള ഈ സ്ഥലം ഫയർ ഫോഴ്സിനും താൽപര്യമായിരുന്നു. എന്നാൽ, പി.ഡബ്ല്യു.ഡി സ്ഥലം നൽകാൻ തയാറായില്ല. ഇതിനെ മറികടക്കാൻ സർക്കാർതലത്തിലുള്ള ശ്രമങ്ങളൊന്നും പിന്നീടുണ്ടായതുമില്ല.
2001ൽ 12 സ്റ്റേഷനുകൾ അനുവദിക്കുമ്പോൾ ആ പട്ടികയിൽ മുന്നിലായിരുന്നു പന്തളം. പിന്നിലുണ്ടായിരുന്ന ചെങ്ങന്നൂർ അടക്കം സ്റ്റേഷൻ തുടങ്ങിയിട്ട് 20 വർഷം പിന്നിട്ടു.
വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന തീർഥാടകരുടെ സുരക്ഷകൂടി പരിഗണിച്ചായിരുന്നു പന്തളത്തിനു ആദ്യം പരിഗണന ലഭിച്ചത്. ഏറ്റവുമൊടുവിലായി സർക്കാർ പ്രഖ്യാപിച്ച ജില്ലയിലെ നാല് അഗ്നിരക്ഷാസേന നിലയങ്ങളിൽ മൂന്നും യാഥാർഥ്യമായി. ആറന്മുള, പമ്പാ, മല്ലപ്പള്ളി എന്നിവ. നിലവിൽ പന്തളത്ത് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സർക്കാറിനു മുന്നിലില്ലെന്നാണ് ഫയർ ഫോഴ്സ് അധികൃതർ നൽകുന്ന സൂചന.
ഫയർ ഫോഴ്സ് തയാറാക്കിയ ജില്ലയിലെ ദുരന്തസാധ്യത പട്ടികയിൽ പന്തളത്തിനു മുഖ്യസ്ഥാനമാണ്. നഗരസഭയിലെ 33 വാർഡുകളിൽ 28 വാർഡും വെള്ളപ്പൊക്ക ബാധിതമാണ്. അപകടം, വെള്ളപ്പൊക്കം, അച്ചൻകോവിലാറ്റിലെ അപകടം, തീപിടിത്തം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ കോളുകളെത്തുന്നത് പന്തളം, കുളനട മേഖലകളിൽനിന്നാണെന്ന് അടൂർ സ്റ്റേഷൻ ഓഫിസർ ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.