പന്തളം - മാവേലിക്കര റോഡ്; നിർമാണത്തിൽ അപാകത; വ്യാപക പരാതി
text_fieldsപന്തളം: പൊതുമരാമത്ത് വകുപ്പിന്റെ കെ.എസ്.ടി.പി വിഭാഗം നേതൃത്വം നൽകി പണി കഴിപ്പിച്ച പന്തളം - മാവേലിക്കര റോഡ് അപകടാവസ്ഥയിൽ. ടാറിങ് പൂർത്തിയായി മാസങ്ങൾ തികയും മുമ്പ് സ്ഥിരമായി റോഡ് തകരുന്ന സ്ഥിതിയാണ്.
വശങ്ങളിലെ ഓട നിർമാണം പോലും പൂർത്തിയാകാത്ത റോഡാണ് തകർന്നു കൊണ്ടിരിക്കുന്നത്. പന്തളം ജംഗ്ഷൻ മുതൽ ഐരാണികൂടി വരെയുള്ള ഭാഗങ്ങളിലെ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകി. കെ.എസ്.ടി.പി വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ടുകൾ തയാറാക്കി മടങ്ങുകയും ചെയ്യുന്നുണ്ട്.
റോഡിന് കുറുകെയുള്ള കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് കുടിവെള്ളം പാഴാക്കുകയും 10 മീറ്റർ നീളത്തിൽ ഒന്നര മീറ്ററോളം ഗർത്തം ഉണ്ടാവുകയും ചെയ്തു. റോഡ് നിർമാണത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകരും റസിഡൻസ് അസോസിയേഷനും മറ്റു ജനകീയ കൂട്ടായ്മയും നിരന്തരമായി പി.ഡബ്ല്യു.ഡിക്കും കെ.എസ്.ടി.പിക്കും പരാതി നൽകുന്നുണ്ട്.
ചെറിയ മഴയിൽ പോലും വശങ്ങളിലെ നഗരസഭ റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. ഓടയുടെ വശങ്ങളിലെ ദ്വാരങ്ങളിലൂടെ വീടുകളിലും കടകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചും പോകുന്നു. ഇക്കാര്യങ്ങളിലെല്ലാം പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട വിഭാഗങ്ങൾ വെറുതെ പരിശോധന നടത്തുക മാത്രമാണ് ചെയ്തത്.
റോഡിന്റെ നടപ്പാതയിൽ ഓടക്ക് മുകളിൽ അശ്രദ്ധമായി ഇട്ട സ്ലാബിന്റെ വിടവുകളിലൂടെ കുട്ടികൾ ഉൾപ്പെടെ കാൽനടയാത്രക്കാർവീണ് അപകടം സംഭവിച്ചിരുന്നു. ഓട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. ഓടയുടെ മൂടികൾ പോലും കൃത്യമായി സ്ഥാപിക്കാൻ നിർമാണ കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല.
മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന് കാരണമാണ്. റോഡും നടപ്പാതയും തമ്മിൽ ഉയര വ്യത്യാസമുള്ളിടത്ത് സിമൻറ് തേച്ച് ചരിവ് ഉണ്ടാക്കിയ ഭാഗങ്ങളിൽ കാൽനടയാത്രക്കാർ തെന്നി വീഴുന്നതും പതിവാണ്. ഓട നിർമാണത്തിലെ അപാകത മൂലം വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്തതിനാൽ പരാതി മൂലം മുട്ടാർ ഭാഗത്ത് മൂന്നുപ്രാവശ്യം ഓട പൊളിച്ചു പണിത സംഭവവുമുണ്ടായി. അനാസ്ഥക്കെതിരെ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റിയും മുട്ടാർ റസിഡൻസ് അസോസിയേഷനും നാട്ടുകാരെയും വഴിയാത്രക്കാരെയും ഉൾപ്പെടുത്തി ശക്തമായ സമരം നടത്തുമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ചെയർമാൻ ഇ.എസ് നുജുമുദ്ദീൻ, മുട്ടാർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വൈ. റഹിം റാവുത്തർ, തോമസ് കുഞ്ഞുകുട്ടി, കെ.ജി ജനാർദനൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.