പന്തളം നഗരസഭ: എസ്.ഡി.പി.ഐ സാന്നിധ്യം മുന്നണികൾക്ക് ഗുണകരമായി
text_fieldsപന്തളം: നഗരസഭയിൽ എസ്.ഡി.പി.ഐ മത്സരരംഗത്ത് ഉണ്ടായിരുന്നത് ബി.ജെ.പി അടക്കമുള്ള മൂന്ന് മുന്നണിക്കും ഗുണകരമായെന്ന് വിലയിരുത്തൽ. ബി.ജെ.പി അധികാരത്തിലെത്തിയ പന്തളം നഗരസഭയിൽ അവർ രണ്ട് വാർഡിൽ വിജയിക്കാൻ എസ്.ഡി.പി.ഐ സ്ഥാനാർഥികളുടെ സാന്നിധ്യം കാരണമായെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ സജീവമാകുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ശക്തമായ മത്സരമാണ് എസ്.ഡി.പി.ഐ കാഴ്ചവെച്ചത്. പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽ എസ്.ഡി.പി.ഐ ഒന്നാമത് എത്തുമെന്ന പ്രതീതി ഉളവാക്കി. ഇത് ന്യൂനപക്ഷ വോട്ടുകളിൽ സ്വാധീനം ചെലുത്തി.
മുസ്ലിം ഭൂരിപക്ഷ മേഖലകളായ എട്ട് വാർഡിലാണ് എസ്.ഡി.പി.ഐ മത്സരിച്ചത്. അഞ്ചാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി എസ്. ഷെറിന 82 വോട്ട് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി എസ്. ശ്രീദേവി 69 വോട്ടിന് വിജയിച്ചു. ഇത് എസ്.ഡി.പി.ഐക്ക് തിരിച്ചടിയായി. 11ാം വാർഡിൽ കടക്കാട് തെക്ക് നാല് മുസ്ലിം സ്ഥാനാർഥികൾ വിവിധ മുന്നണികളുടെ ഭാഗമായി മത്സരിച്ചപ്പോൾ ഏക ഹിന്ദു സ്ഥാനാർഥി ബി.ജെ.പിയിലെ ശ്രീലേഖ 46 വോട്ട് നേടി വിജയിച്ചു. മുൻ കൗൺസിലറും എസ്.ഡി.പി.ഐ സ്ഥാനാർഥിയുമായിരുന്ന എം.ആർ. ഹസീനക്ക് 72 വോട്ടേ ലഭിച്ചുള്ളു.
എട്ടാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തറിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് കഴിഞ്ഞു. ഇവിടെ എസ്.ഡി.പി.ഐയുടെ നിയാസ് ലബ്ബ 158 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ലസിത നായർ 57 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒമ്പതാം വാർഡ് ഉളമയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ ജബ്ബാർ 278 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും സി.പി.എം സ്ഥാനാർഥി എച്ച്. സക്കീറാണ് 140 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
എസ്.ഡി.പി.ഐയുടെ സിറ്റിങ് സീറ്റായ 10ാം വാർഡ് കടയ്ക്കാട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എസ്.ഡി.പി.ഐ സ്ഥാനാർഥി ആസാദ് പന്തളത്തിന് 172 വോട്ടേ ലഭിച്ചുള്ളൂ. എൽ.ഡി.എഫ് സ്ഥാനാർഥി ഷെഫീൻ റെജീബ് ഖാൻ 207 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. 28ാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി 128 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ പന്തളം മഹേഷ് 135 വോട്ട് നേടി വിജയിച്ചു. 30ാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി 65 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ രത്നമണി സുരേന്ദ്രൻ 163 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. 31ാം വാർഡ് ചേരിയ്ക്കൽ കിഴക്കിലും എസ്.ഡി.പി.ഐയുടെ മീനിഷ മുജീബ് 215 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ എൽ.ഡി.എഫിലെ, നഗരസഭ ചെയർപേഴ്സൻ ആയിരുന്ന ടി.കെ. സതി 93 വോട്ടിന് വിജയിച്ചു.
എസ്.ഡി.പി.ഐ മത്സരിച്ച ഒമ്പത്, 31 വാർഡുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എട്ട്, ഒമ്പത്, 10, 31 വാർഡുകളിൽ എൽ.ഡി.എഫും അഞ്ച്, 11 വാർഡുകളിൽ ബി.ജെ.പിയും 28, 30 വാർഡുകളിൽ യു.ഡി.എഫും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.