ഇന്ന് വായനദിനം: ഇതൊന്ന് നന്നാക്കിയെടുക്കണ്ടേ ?
text_fieldsപന്തളം: 'വായനപോലെ ചെലവ് ചുരുങ്ങിയ മറ്റൊരു വിനോദവുമില്ല. അതില്‍നിന്നുണ്ടാകുന്ന ആനന്ദംപോലെ നീളുന്ന മറ്റൊരു ആനന്ദവുമില്ല'- വിഖ്യാതമായ ഈ വാചകങ്ങൾ മനസ്സിലോർത്ത് ഇവിടെയെത്തിയാൽ വായിക്കാനുള്ള സകല 'മൂഡും' മാറിക്കിട്ടും. മൂന്നുപതിറ്റാണ്ടു മുമ്പ് പന്തളം നഗരഹൃദയത്തിൽ ആരംഭിച്ച നഗരസഭ ലൈബ്രറിയാണ് ശാപമോക്ഷത്തിന് കാത്തിരിക്കുന്നത്.
1992ൽ പന്തളം നഗരസഭ ഷോപ്പിങ് കോംപ്ലക്സിന്‍റെ രണ്ടാംനിലയിൽ വിശാല റീഡിങ് റൂമും പതിനായിരത്തോളം പുസ്തകങ്ങളുമായി ആരംഭിച്ച ലൈബ്രറിയുടെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. ഇടുങ്ങിയ വായനമുറിയും തുരുമ്പെടുത്ത കസേരകളുമാണ് അക്ഷരസ്നേഹികളെ സ്വാഗതംചെയ്യുന്നത്. ചോർന്നൊലിക്കുന്ന, കോൺക്രീറ്റ് അടർന്നുവീഴുന്ന ഇവിടെ വിരലിലെണ്ണാവുന്നവരെ വരാറുള്ളൂ. ഏതാനും നാൾ മുമ്പ് സമീപത്തെ കമ്യൂണിറ്റി ഹാൾ പൊളിച്ചതോടെ ലൈബ്രറിയിലേക്ക് കയറിവരുന്ന പടവുകളുടെ കൈവരിയും പൊളിച്ചു. പടവുകൾ മുഴുവൻ കാടുപിടിച്ച് കിടക്കുകയാണ്. ലൈബ്രറി വരാന്ത രാത്രി കാലങ്ങളിൽ മദ്യപാനികളുടെയും തെരുവ് നായ്ക്കളുടെയും വാസസ്ഥലവുമാണ്. ഇവിടെ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കിടക്കുന്നത് പതിവാണ്. 10വർഷം മുമ്പ് ലൈബ്രറിയിലെ വൈദ്യുതി വിച്ഛേദിച്ചതാണ്.
2010ലാണ് അവസാനമായി ലൈബ്രറിയിൽ പുസ്തകം വാങ്ങിയത്. പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ഒന്നരവർഷം ആയിട്ടും തുടർനടപടികളില്ല. നിരവധി സാഹിത്യകാരന്മാർക്ക് ജന്മംനൽകിയ പന്തളം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ലൈബ്രറി തുടക്കകാലത്ത് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു. പല പുസ്തകങ്ങളും വിവിധ കാരണങ്ങളാൽ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തു. ഇപ്പോൾ 4000 പുസ്തകങ്ങളാണുള്ളത്. ലൈബ്രേറിയൻ ഉണ്ടെങ്കിലും രാവിലെ 10ന് തുറന്നിട്ടശേഷം നഗരസഭ ഫ്രണ്ട് ഓഫിസിലായിരിക്കും ഡ്യൂട്ടി. ഉച്ചക്ക് രണ്ടിന് വന്ന് അടക്കുകയും ചെയ്യും. ഇതുകാരണം ആവശ്യക്കാർക്ക് പുസ്തകം എടുക്കാനോ കൊടുക്കാനോ ഗുണമില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.