വിവാദം ഒഴിയാതെ പന്തളം നഗരസഭ; ഭരണകക്ഷി കൗൺസിലർമാർ പദ്ധതികൾ അട്ടിമറിക്കുന്നതായി ചെയർപേഴ്സൻ
text_fieldsപന്തളം: നഗരസഭ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ, ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പാർലമെൻറ് പാർട്ടി ലീഡർ കെ.വി. പ്രഭയുടെ നേതൃത്വത്തിൽ ഭരണകക്ഷിയിലെ ചില കൗൺസിലർമാർ അട്ടിമറിക്കുന്നതായി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ആരോപിച്ചു. ചെയർപേഴ്സനുമായി തുടക്കം മുതൽ അകൽച്ചയിലായിരുന്ന പ്രഭയെ അടുത്തിടെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. ക്രിമറ്റോറിയം, പുതിയ മുനിസിപ്പൽ ബസ്സ്റ്റാൻഡ്, ഷോപ്പിങ് കോംപ്ലക്സ് എന്നീ പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു. കള്ളക്കേസുകൾ നൽകി വരുമാനം തടസ്സപ്പെടുത്തുന്നു, പദ്ധതി നിർവഹിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നില്ല, സർക്കാർ പദ്ധതിയായ ഡിജി കേരളം ഇടതുപക്ഷ കൗൺസിലർമാരും കൂടെ ചേർന്ന് അട്ടിമറിക്കുന്നു. ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട കൗൺസിലർ പ്രതിപക്ഷ പിന്തുണയോടെ നഗരസഭക്കെതിരെ തെറ്റായ വാർത്തകൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതായും ചെയർപേഴ്സൻ പറഞ്ഞു.
നഗരസഭയിലെ ജീവനക്കാരെ അപകീർത്തിപ്പെടുത്തി നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പ്രഭക്കെതിരെ ജീവനക്കാർ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ പന്തളത്തെ യു.എ നമ്പറുകൾ കെട്ടിടങ്ങൾക്ക് ക്രമീകരിക്കുന്ന നടപടി പൂർത്തീകരിച്ചവരുന്നതായി സുശീല സന്തോഷ് പറഞ്ഞു. അദാലത്ത് വഴി ബാക്കിയുള്ള പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുൻകാല പ്രാബല്യത്തോടെ നികുതി കുടിശ്ശിക ഈടാക്കുന്നത് ഒഴിവാക്കുന്നതിന് സർക്കാറിനോടാവശ്യപ്പെട്ടതായും അവർ പറഞ്ഞു. ഉത്തരവുകൾ ഇറങ്ങുന്ന മുറക്ക് നടപ്പിൽ വരുത്തുമെന്ന് ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ. സീന, രാധ വിജയകുമാർ, പി.കെ. പുഷ്പലത എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.