പന്തളം നഗരസഭയിൽ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി
text_fieldsപന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകി. ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്ത മുൻ പാർലമെൻറ് പാർട്ടി ലീഡർ കെ.വി. പ്രഭയുടെ പിന്തുണയോടെയാണ് ഈ നീക്കം. പത്തനംതിട്ട എൽ.എസ്.ഡി ജോ. ഡയറക്ടർ എ.എസ്. നൈാസാം മുമ്പാകെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ചെയർപേഴ്സൻ സുശീല സന്തോഷിനും വൈസ് ചെയർപേഴ്സൻ യു. രമ്യക്കുമെതിരെ നോട്ടീസ് നൽകിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം പന്തളം നഗരസഭയിൽ അവിശ്വാസത്തിന് നീക്കം നടക്കുന്നതായി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനാണ് പന്തളം നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതല. അവിശ്വാസ പ്രമേയം നോട്ടീസ് ലഭിച്ച ഏഴു ദിവസത്തിനകം ഇലക്ഷൻ കമീഷൻ നഗരസഭയിലെ കൗൺസിൽ മാർക്ക് രജിസ്റ്റേർഡ് കത്ത് അയക്കും. തുടർന്നാണ് അവിശ്വാസപ്രമേയ ചർച്ചയും തെരഞ്ഞെടുപ്പും നടക്കുക.
നിലവിൽ ബി.ജെ.പിയിലെ ചില കൗൺസിലർമാർ പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലാണ്. ഇവരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 18 കൗൺസിലർമാരുമായി ബി.ജെ.പി പന്തളം നഗരസഭയിൽ അധികാരത്തിൽ എത്തിയത്. ബി.ജെ.പി കൗൺസിലർ കെ.വി. പ്രഭയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതോടെയാണ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഭരണത്തിന്റെ തുടക്കം മുതൽ പ്രഭയും ചെയർപേഴ്സൻ സുശീല സന്തോഷും തമ്മിലുള്ള തർക്കവും പരസ്പരം തെറിവിളിയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാർട്ടിയിലെ ആഭ്യന്തരം പ്രശ്നം പലതവണ സംസ്ഥാന കമ്മിറ്റിക്ക് മുമ്പിലെത്തിയെങ്കിലും ബി.ജെ.പി നേതൃത്വം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അടുത്തിടെയാണ് പ്രഭയെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സസ്പെൻഡ് ചെയ്തത്. 33 അംഗ കൗൺസിലിൽ 17 പേരുടെ വോട്ട് ലഭിച്ചാൽ അവിശ്വാസപ്രമേയം പാസാകും. അവിശ്വാസം പാസായാൽ സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് നീക്കം. അവിശ്വാസത്തിന് രാധാകൃഷ്ണന്റെ പിന്തുണയുമുണ്ട്.
അവിശ്വാസത്തെ പിന്തുണക്കും -യു.ഡി.എഫ്
പന്തളം: പന്തളം നഗരസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ഭരണസമിതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ വോട്ടുചെയ്യുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ. അഴിമതിയും ജനദ്രോഹ നടപടിയും തുടരുകയാണ് ഭരണസമിതി. ജനങ്ങളുടെ മേൽ കെട്ടിട നികുതിയുടെ പേരിൽ അധികഭാരം അടിച്ചേൽപ്പിക്കുകയും സർക്കാർ നൽകുന്ന പദ്ധതി പണത്തിൽ 90 ശതമാനവും നഷ്ടപ്പെടുത്തുകയും ചെയ്തു. തീർഥാടന കാലത്തുപോലും സൗകര്യങ്ങളൊരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ജനഹിതത്തിനൊപ്പമായിരിക്കും യു.ഡി.എഫ് നിലപാടെന്നും വിജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.