പന്തളം നഗരസഭ; അവിശ്വാസ പ്രമേയം എത്തും മുമ്പെ രാജി
text_fieldsപന്തളം: പ്രതിപക്ഷത്തിന്റെ തുടർസമരങ്ങളും സഹപ്രവർത്തകരുടെ വിമത നീക്കങ്ങളും അതിജീവിച്ച പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണസമിതിക്ക് ഒടുവിൽ അടിതെറ്റി. ഭരണം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും നടക്കുന്നതിന്റെ തലേന്നാൾ ചെയർപേഴ്സൻ സുശീല സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യയും നഗരസഭ സെക്രട്ടറി ഇ.ബി അനിതക്ക് മുമ്പാകെ രാജി നൽകിയത്.
2020 ഡിസംബർ 28 നാണ് കൂട്ട ശരണംവിളിയുടെ അകമ്പടിയോടെ ബി.ജെ.പി ഭരണസമിതി സുശീല സന്തോഷിന്റെ നേതൃത്വത്തിൽ അധികാരമേറ്റത്. അധികാരം ആരംഭിച്ച ദിവസം മുതൽ ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് ശക്തമായിരുന്നു. സ്ഥിരംസമിതി തെരഞ്ഞെടുപ്പ്, ബജറ്റ് അവതരണം തുടങ്ങി നിരവധി വിവാദങ്ങളാണ് നഗരസഭയിൽ അരങ്ങേറിയത്. ബജറ്റ് വ്യാജം എന്ന് ആരോപിച്ച് കൗൺസിൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയായിരുന്ന എസ്. ജയകുമാർ തദ്ദേശ വകുപ്പിന് കത്തയച്ചതും ഏറെ വിവാദമായി. ബി.ജെ.പിയിലെ കെ.വി പ്രഭയും നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷുമായുള്ള അസഭ്യ സംഭാഷണ വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വേറെ തലത്തിലായി പന്തളത്തെ ബി.ജെ.പി സംവിധാനം. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ അഡ്വ. കെ. പ്രതാപനെതിരെ പരസ്യ വിമർശനം നടത്തിയ കെ.വി. പ്രഭയെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
സ്ത്രീ പ്രവേശന വിഷയവുമായി ഉണ്ടായ ശബരിമല പ്രക്ഷോഭ കാലത്താണ് ബി.ജെ.പി പന്തളം നഗരസഭയിൽ അധികാരമേറ്റത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളത്ത് രണ്ടുതരം അടിയൊഴുക്കുകളാണ് ഉണ്ടായത്. പന്തളം കൊട്ടാരം കേന്ദ്രീകരിച്ച് ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള നാമജപ ഘോഷയാത്രക്ക് പന്തളം സാക്ഷിയായി.
ശരണം വിളിയും ഹൈന്ദവ വോട്ടിന്റെ ഏകീകരണവും ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കാൻ കാരണമായി. ഓർത്തഡോക്സ് സഭയും ബി.ജെ.പി അനുകൂല നിലപാടെടുത്തു. ശരണം വിളിക്ക് നേതൃത്വം നൽകിയ കെ.വി. പ്രഭയും ഓർത്തഡോക്സ് സഭ സെക്രട്ടറി കൂടിയായ അച്ചൻകുഞ്ഞ് ജോൺ ബി.ജെ.പിക്കൊപ്പം കൂടി. ഇരുവർക്കും നഗരസഭ പദവി നൽകുമെന്ന ബി.ജെ.പി വാഗ്ദാനം പാഴായതോടെയാണ് അസ്വസ്ഥത ഉടലെടുത്തത്. ഇരുവരെയും പരിഗണിക്കാത്ത ബി.ജെ.പി നേതൃത്വം ജനറൽ സീറ്റിൽ സംവരണവിഭാഗത്തിൽനിന്നുള്ള വനിതയെ ചെയർപേഴ്സനായി അവതരിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.