പന്തളം നഗരസഭ പ്രദേശം ഇരുട്ടിൽ; കൗൺസിലിൽ മെഴുകുതിരി തെളിച്ച് പ്രതിപക്ഷം
text_fieldsപന്തളം: തെരുവുവിളക്കുകൾ തെളിക്കുന്നതിൽ അലംഭാവം കാട്ടുന്ന പന്തളം നഗരസഭ ഭരണസമിതിക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ലൈറ്റ് അണച്ച് മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു നഗരസഭ കൗൺസിൽ യോഗം കൂടിയത്. ഓണത്തിനു മുമ്പ് തെരുവുവിളക്കുകൾ കത്തിക്കാനാവില്ലെന്ന് ഭരണ സമിതി അറിയിച്ചതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
യോഗത്തിൽ പ്രതിപക്ഷം തെരുവുവിളക്ക് വിഷയം ഉന്നയിച്ചപ്പോൾ കരാർ ആരും എടുത്തില്ലെന്നും തനതു ഫണ്ടിൽനിന്ന് പണമെടുത്തു സാധനങ്ങൾ വാങ്ങിത്തരാനാവില്ലെന്നും അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യയും നഗരസഭ സെക്രട്ടറി ഇ.ബി. അനിതയും പറഞ്ഞു.
എല്ലാ വാർഡുകളും ഇരുട്ടിലാണെന്നും തെരുവുവിളക്കുകൾ തെളിക്കാതെ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യാനാവില്ലെന്നും പ്രതിപക്ഷം ആവർത്തിച്ചു. കൗൺസിൽ ഹാളിലെ ലൈറ്റുകൾ അണച്ച് പ്രതിപക്ഷം മെഴുകുതിരി കത്തിച്ചു വെച്ചു. ടെൻഡർ സമയത്ത് പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരെ ഭരണസമിതി കുറ്റപ്പെടുത്തി. ഇതോടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. ഉദ്യോഗസ്ഥരും സ്ഥിരം സമിതി അധ്യക്ഷരും ഏറ്റുമുട്ടുന്നതിനിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി കൗൺസിൽ തടസ്സപ്പെടുത്തി.
പ്രതിപക്ഷമായ എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിലർമാരായ ലസിത നായർ, കെ.ആർ. വിജയകുമാർ, ടി.കെ. സതി, പന്തളം മഹേഷ്, രാജേഷ് കുമാർ, കെ.ആർ. രവി, എസ്. അരുൺ, രത്നമണി സുരേന്ദ്രൻ, എച്ച്. സക്കീർ, ശോഭനാകുമാരി, സുനിത വേണു എന്നിവർ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി പന്തളം ടൗണിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.