പന്തളം നഗരസഭ ബസ്സ്റ്റാൻഡ് മാറ്റം; ഭൂമി അളന്ന് കല്ലിട്ടു
text_fieldsപന്തളം: പന്തളം നഗരസഭ ബസ്സ്റ്റാൻഡ് ചന്തക്ക് സമീപത്തേക്ക് മാറ്റുന്നതിന് മുന്നോടിയായി നഗരസഭയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു.
കൈയേറ്റമുള്ള അഞ്ചിടത്താണ് കല്ലിട്ടത്. 2023 സെപ്റ്റംബറിൽ ഈ ഭാഗം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ബ്ലോക്ക് ഓഫിസിന് സമീപം മുതൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലംവരെയുള്ള പുറമ്പോക്ക് ഭൂമിയാണ് അളന്നുതിരിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
നഗരസഭയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പുതന്നെ ഈ ഭാഗത്ത് കെട്ടിടങ്ങൾ പണിയുന്നതായി ശ്രദ്ധയിൽപെടുകയും ഉടമക്ക് നിർത്തിവെക്കാൻ ഉത്തരവ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഇതൊന്നും പാലിക്കാതെ പണി തുടരുകയായിരുന്നു. കെട്ടിടങ്ങൾക്കുള്ളിലാണ് പലയിടത്തും കല്ലിട്ടത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച ശേഷമാകും നഗരസഭ ബസ്സ്റ്റാൻഡിന്റെ മാറ്റവും മാർക്കറ്റ് നവീകരണവും നടക്കുക.
പന്തളം ചന്തയിലെ കടകൾ പൊളിച്ചുനീക്കി ബസ് സ്റ്റാൻഡിന് നേരത്തേതന്നെ സൗകര്യമൊരുക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ ബസ് സ്റ്റാൻഡ് പ്രവർത്തിക്കന്ന സ്ഥലത്തിനോടുചേർന്ന് നഗരസഭ ഓഫിസ് കോംപ്ലക്സ് പണിയുന്നതിന് മുന്നോടിയായാണ് സ്റ്റാൻഡ് മാറ്റാൻ നഗരസഭ തീരുമാനിച്ചിട്ടുള്ളത്. ഇവിടെ മണ്ണ് പരിശോധനയും നടത്തിക്കഴിഞ്ഞു.
പന്തളം ചന്തയുടെ പടിഞ്ഞാറുഭാഗത്ത് മത്സ്യ സ്റ്റാളുകൾ പ്രവർത്തിച്ചിരുന്ന ഭാഗമാണ് ബസ്സ്റ്റാൻഡിനായി തീരുമാനിച്ചിട്ടുള്ളത് ഇതിലെ മത്സ്യ സ്റ്റാളുകൾ ഓപറേറ്റിങ് സെന്ററാക്കാനാണ് നീക്കം. ഇതിനായി ഇരിപ്പിടങ്ങളും പണിതു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി പണിത ശൗചാലയം വസ്തു അളവ് കഴിഞ്ഞപ്പോൾ നഗരസഭയുടെ സ്ഥലത്തായി. മലിനവും ഉപയോഗശൂന്യവുമായി കിടന്ന ശൗചാലയം നഗരസഭ ഫണ്ടുപയോഗിച്ച് വൃത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.
ചന്തയിൽ പണിതിട്ടിരിക്കുന്ന ശൗചാലയത്തോടുചേർന്ന് കടമുറികൾ പണിയാനാൻ 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ബസുകൾ കയറിയിറങ്ങിപ്പോകാനുള്ള വഴി കോൺക്രീറ്റുചെയ്തു.
ഏപ്രിൽ ഒന്നിന് സ്റ്റാൻഡ് പുതിയ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാണ് തീരുമാനം. പണി പൂർത്തിയാകുന്നതോടെ കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടക്കുന്ന ചന്തക്ക് സമീപവും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപവും വൃത്തിയാകുമെന്നതാണ് വലിയ നേട്ടം.ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭയുടെ സ്ഥലത്ത് ആധുനിക ശ്മശാനം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവക്കും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.