അഴിയാക്കുരുക്കിൽ പന്തളം; ഒരുവർഷം പിന്നിട്ടിട്ടും ഗതാഗത പരിഷ്കാരം കടലാസിൽത്തന്നെ
text_fieldsപന്തളം: ടൗണിലെ ഗതാഗത പരിഷ്കാരം കടലാസിൽത്തന്നെ. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നുമുതൽ പരിഷ്കാരം നടപ്പാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചെങ്കിലും നടപടിയില്ല.
പന്തളം-മാവേലിക്കര റോഡിലാണ് ഗതാഗതക്കുരുക്കേറെ. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആറ്റിൻകര ഇലക്ട്രോണിക്സിന് മുന്നിലുമാണ് സ്റ്റോപ്പ് നിശ്ചയിച്ചത്. പ്രൈവറ്റ് സ്റ്റാൻഡിൽനിന്നിറങ്ങുന്ന ബസുകൾ സ്റ്റാൻഡിന് എതിർവശത്ത് ഏറെനേരമാണ് യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ ജങ്ഷൻ മുതൽ നഗരസഭ കാര്യാലയത്തിന് മുൻഭാഗംവരെ തോന്നുന്നിടത്താണ് നിർത്തുന്നത്. ഇതിനുപുറമെയാണ് സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങും. ഇതോടെ നഗര ഹൃദയത്തിലെ ഗതാഗതക്കുരുക്ക് പഴയതുപോലെ തുടരുകയാണ്.
പിക്അപ് വാനുകൾക്കും ടെമ്പോ ട്രാവലറുകൾക്കും പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിന് (നവരാത്രി മണ്ഡപം) വടക്കുവശത്താണ് സ്റ്റോപ് നിശ്ചയിച്ചിട്ടുള്ളത്. ഇതുമാത്രമാണ് പ്രാവർത്തികമായിട്ടുള്ളത്.
പരിഷ്കാരങ്ങൾ നടപ്പാക്കാൻ അധികൃതർ തയാറാകാത്തതാണ് പ്രശ്നം. എം.സി റോഡിലും പത്തനംതിട്ട റോഡിലും പഴയപടി തന്നെയാണ് സ്റ്റോപ്പുകൾ. പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വഴിയോര കച്ചവടക്കാർ ചന്തയിലെത്തി കച്ചവടം നടത്തണമെന്ന നിർദേശവും പാലിക്കുന്നില്ല. എം.സി റോഡിലടക്കം പെട്ടിഓട്ടോയിൽ സാധനങ്ങൾ വിൽപന നടത്തുന്നുണ്ട്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പന്തളം ബൈപാസിന് അനുമതി ലഭിച്ചെങ്കിലും തുടർനടപടി മെല്ലെപ്പോക്കിലാണ്.
ഇപ്പോൾ എം.സി റോഡിൽ തെക്കോട്ട് മെഡിക്കൽ മിഷൻ ജങ്ഷൻ വരെയും വടക്ക് ഭാഗത്ത് മണികണ്ഠനാൽത്തറ വരെയും മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. മാവേലിക്കര-പത്തനംതിട്ട റോഡുകളിലെയും സ്ഥിതി ഇതാണ്. മാവേലിക്കര റോഡിൽ കുറുന്തോട്ടയം ചന്തക്ക് മുൻവശത്തും പത്തനംതിട്ട റോഡിൽ തുണിക്കടയുടെ കിഴക്ക് ഭാഗത്തുവരെയും സിഗ്നൽ കിട്ടാൻ മിനിറ്റുകൾ കാത്തുകിടക്കണം. ഇതുമൂലം ദീർഘദൂര യാത്രക്കാരടക്കം വലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.