ശബരിമല തീർഥാടനം: പന്തളത്ത് ഒരുക്കം പാതിവഴിയിൽ
text_fieldsപന്തളം: ശബരിമല തീർഥാടനം ആരംഭിക്കാൻ ഏതാനും മാസം ബാക്കി നിൽക്കെ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഒരുക്കങ്ങൾ പാതിവഴിയിൽ. വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ചു പൂർത്തീകരിക്കേണ്ട ഒരുക്കങ്ങൾ വൈകുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അയ്യപ്പഭക്തരുടെ വരവിൽ വർധനയുണ്ടാകുമെന്ന് പൊലീസ് രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ പന്തളം വലിയകോയിക്കൽ ക്ഷേത്രം രണ്ടുവർഷം മുമ്പ് പൂർത്തിയായ അന്നദാന ഭജന മണ്ഡപത്തിൽ ഇതുവരെയും വൈദ്യുതീകരണവും പ്ലംബിങ്ങും പൂർത്തിയായിട്ടില്ല. ക്ഷേത്രത്തിൽ എത്തുന്ന സ്വാമിമാർക്ക് വിരിവെക്കാനും വിശ്രമിക്കാനും ലക്ഷ്യമിട്ടാണ് കെട്ടിടം പണി നടത്തിയത്.
ഭജന മണ്ഡപത്തിൽ തൽക്കാലികമായെങ്കിലും വൈദ്യുതി എത്തിച്ച് കെട്ടിടം ലേലത്തിൽ നൽകി ഭക്തർക്ക് വിരിവെക്കാനുള്ള ക്രമീകരണം ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രതീക്ഷ. പുതിയ കെട്ടിടത്തിലേക്ക് അന്നദാന വിതരണവും മാറ്റണം എന്നിരിക്കെ മതിയായ ഡെസ്ക്, കസേര തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തേണ്ട കാര്യത്തിൽ ഇതുവരെയും ബോർഡ് തീരുമാനമായിട്ടില്ല.
ഭജന മണ്ഡപത്തിന് സമീപത്തായി നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ കുഴികളിൽ മലിനജലം കെട്ടിനിന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് നോട്ടീസ് നൽകിയിരുന്നു. അതുപോലെ പഴയ ടോയ്ലറ്റ് ബ്ലോക്ക് പൊളിച്ചുമാറ്റി പുതിയത് നിർമിക്കേണ്ടതിന്റെ സാഹചര്യം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ, ഇക്കാര്യത്തിലും തീരുമാനം വൈകുകയാണ്. പ്രളയ കാലത്ത് ഇടിഞ്ഞ മതിൽ കെട്ടി സംരക്ഷിക്കാൻ കലക്ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് വകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് സഹിതം തയാറാക്കിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. നഗരസഭയുടെ ശബരിമല ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിക്കാം എന്നിരിക്കെ അതന്റെ ഭാഗമായി ശുചിമുറി സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ് ഇതും അവഗണിക്കപ്പെടുകയാണ്. എന്നാൽ, അതിനും ബോർഡ് അനുമതിയും സ്ഥല ലഭ്യതയും ആവശ്യമാണ്. കോവിഡ് കാരണം മുടങ്ങിക്കിടന്ന ക്ഷേത്രത്തിലെ മരാമത്ത് പണികൾ ഇത്തവണ നടത്തേണ്ടതുണ്ട്.
തീർഥാടന സംബന്ധമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ് എന്നിവർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.