മഴ, വെയിൽ, തണുപ്പ്, ചൂട്: മാറിമറിഞ്ഞ് കാലാവസ്ഥ; ആരോഗ്യ പ്രശ്നങ്ങളിൽ വലഞ്ഞ് ജനം
text_fieldsപന്തളം: മഴ, വെയിൽ, തണുപ്പ്, ചൂട്... കാലാവസ്ഥയിലെ അടിക്കടിയുണ്ടാവുന്ന മാറ്റത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളിൽ വലയുകയാണ് ജനം. മാറാത്ത പനിയും ചുമയും ജലദോഷവും സർവ സാധാരണയായി.
പനി വന്നാൽ ദിവസങ്ങൾക്കുള്ളിൽ മാറുന്നുണ്ടെങ്കിലും ചുമയും ക്ഷീണവും ആഴ്ചകളോളം തുടരുന്ന സ്ഥിതിയാണ്. പനിക്കും ജലദോഷത്തിനും സ്വയം ചികിത്സ നടത്തുന്നതിനാൽ വലിയൊരു വിഭാഗം ആളുകൾ ആശുപത്രികളിലേക്ക് ചികിത്സക്കായി എത്തുന്നില്ല. അസുഖം വീണ്ടും ഗുരുതരമാകുമ്പോൾ മാത്രമാണ് ആശുപത്രിയെ സമീപിക്കുന്നത്.
ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ പൂർണമായും വിട്ടുമാറാൻ ഒരു മാസത്തോളം സമയമെടുക്കുന്നുവെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഈ മാസം പന്തളം മേഖലയിൽ നൂറുകണക്കിനാളുകൾ പനി ബാധിതരായി ആശുപത്രിയിൽ ചികിത്സ തേടിക്കഴിഞ്ഞു.
സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രാത്രിയിൽ ചില സമയങ്ങളിൽ മഴയും പുലർച്ചെ മഞ്ഞും ഉച്ചക്ക് കടുത്ത ചൂടും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
മഴക്കാലം പിന്നിട്ടെങ്കിലും പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനിയും എലിപ്പനിയും സൃഷ്ടിക്കുന്ന വെല്ലുവിളിയിൽ ഇനിയും വലിയ കുറവ് വന്നിട്ടില്ല. എലിപ്പനി ബാധിച്ചു ഈ മാസം ഒരു മരണം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.