മഴക്കാലം: എം.സി റോഡിൽ അപകടത്തിന് കുറവില്ല; സേഫ് സോൺ പദ്ധതി പാളി
text_fieldsപന്തളം: മഴക്കാലത്ത് എം.സി റോഡിൽ പന്തളത്ത് അപകടങ്ങൾക്ക് കുറവില്ല. സേഫ് സോൺ പദ്ധതികൊണ്ടും പ്രയോജനമില്ല. എം.സി റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർവരെയുള്ള 100 കിലോമീറ്ററിലാണ് എം.സി റോഡിൽ ആദ്യമായി സേഫ് സോൺ പദ്ധതി നടപ്പാക്കിയത്. വർധിക്കുന്ന അപകടങ്ങൾ കുറക്കുക, സുഗമമായ യാത്ര സാധ്യമാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുരമ്പാല, പറന്തൻ, മെഡിക്കൽ മിഷൻ ജങ്ഷൻ, പന്തളം, കുളനട എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ. കുരമ്പാല പൊട്ടന്റയ്യത്ത് മുക്ക്, പത്തിയിൽപടി എന്നിവിടങ്ങളിലും അപകടം വർധിച്ചു. കഴിഞ്ഞ രണ്ടുദിവസമായി തുടർച്ചയായി കുളനട മാന്തുക പ്രദേശത്ത് വാഹനാപകടം ഉണ്ടായി.
കഴിഞ്ഞ ദിവസം മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചതിനുശേഷം വ്യാഴാഴ്ച രാവിലെ ഇതിനു സമീപത്തായി വാനും ലോറിയും കൂട്ടിയിടിച്ചു. വാൻ ഡ്രൈവർക്കും സഹായിക്കും നിസ്സാര പരിക്കേറ്റു. ടെമ്പോ ട്രാവൽ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജോബി, (42) ഇടുക്കി സ്വദേശിയായ സെയിൽസ്മാൻ അതുൽ, (30) എന്നിവർക്കാണ് പരിക്കേറ്റത് ഡ്രൈവറായ ജോബിയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരമ്പാലയിൽ ബുധനാഴ്ച രാത്രിയാണ് വാൻ കലുങ്കിലിടിച്ച് അപകടമുണ്ടായത്. കുളനടയിൽ വ്യാഴാഴ്ച രണ്ട് കാറും കൂട്ടിയിടിച്ചിരുന്നു.കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് കൂടുതൽ അപകടങ്ങളും.
കുരമ്പാല അമൃത സ്കൂളിന് മുൻവശത്ത് വളവാണ് പ്രധാന വില്ലൻ. വേണ്ടത്ര വീതി ഇല്ലെങ്കിലും അടൂരിൽനിന്ന് വരുന്ന മിക്കവാഹനങ്ങളും ഇവിടെ ഓവർടേക് ചെയ്യാറുണ്ട്. ഈ ദിശയിലെ റോഡ് അൽപം വലതുഭാഗത്തേക്ക് ചാഞ്ഞുകിടക്കുന്നതിനാൽ ഓവർടേക് ചെയ്തുകഴിയുമ്പോൾ ഇടതുഭാഗത്തേക്ക് കയറാൻ സാധിക്കാതെ വരുന്നതായി നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ അപകടം ഉറപ്പാണ്. വളവിലെ ഓവർ ടേക്കിങ്, വരകൾ മറികടക്കൽ, അശ്രദ്ധമായി വാഹനം തിരിക്കൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഡ്രൈവർമാർ ഉറങ്ങി വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ട്.
അമിതവേഗം, അശ്രദ്ധ
അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. വേഗത നിരീക്ഷിക്കാൻ കാമറകൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന എന്നിവ ഉണ്ടായിട്ടും അപകടത്തിന് ഒരുകുറവുമില്ല. സംസ്ഥാനപാതയിൽ വാഹനാപകടങ്ങളും മരണവും കൂടുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് റിസർച് ലബോറട്ടറി (ടി.ആർ.എൽ.) നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിധ്യം അപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു.
ഇതിനായി പൊലീസ് സ്റ്റേഷൻ തലത്തിൽ വാഹനങ്ങൾ നൽകിയിരുന്നു.
പ്രത്യേക പരിശീലനം നൽകിയ പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.