തിരുവോണനാളിലെ കണ്ണീരായി റോഡപകടം
text_fieldsപന്തളം: തിരുവോണനാളിൽ രാത്രി ഉണ്ടായ അപകടം നാടിനെ കണ്ണീരിലാഴ്ത്തി. എം.സി റോഡിൽ കുളനട, മാന്തുക ഒന്നാം പുഞ്ചക്ക് സമീപം ചൊവ്വാഴ്ച രാത്രി 9.30ന് ഉണ്ടായ വാഹനാപകടത്തിൽ ബന്ധുക്കളായ രണ്ടുപേർ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഉച്ചക്ക് തിരുവോണ സദ്യക്കുശേഷം വൈകീട്ട് അഞ്ചിനാണ് അഞ്ചലിൽനിന്ന് ജീപ്പിൽ കോട്ടയത്തെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകാനായി ഇവർ പുറപ്പെട്ടത്.
അപകടത്തിൽ മരിച്ച ജീപ്പ് ഓടിച്ചിരുന്ന അഞ്ചൽ, ചെറുക്കുളം ബിജു വിലാസത്തിൽ ശശിധരന്റെ മകൻ അരുൺകുമാറിന്റെ (31) പിതൃസഹോദരനാണ് കോട്ടയത്ത് മരണപ്പെട്ടത്. യാത്രക്കിടെ ജീപ്പ് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അരുൺകുമാറിന്റെ പിതാവിന്റെ സഹോദരി അഞ്ചൽ, തച്ചങ്കോട്, ലതിക വിലാസത്തിൽ രവീന്ദ്രന്റെ ഭാര്യ ലതികയാണ് (54) മരിച്ച മറ്റൊരാൾ. ജീപ്പിലുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ അഞ്ചൽ, കോട്ടുക്കൽ, അനന്ദു ഭവനിൽ സുകുമാരന്റെ മകൻ വിനോദ് (40), അയൽവാസികളും ബന്ധുക്കളുമായ സുകുമാരൻ, രവീന്ദ്രൻ, സാബു, ബിജു എന്നിവർ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. റോഡിലെ വെളിച്ചക്കുറവാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തിൽപ്പെട്ടവരെ ഉടൻ നാട്ടുകാർ പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.