എം.സി റോഡിൽ വ്യാപക കൈയേറ്റമെന്ന് പരാതി
text_fieldsപന്തളം: നാലുവരിപ്പാതയാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന എം.സി റോഡിൽ വ്യാപക കൈയേറ്റമെന്ന് പരാതി. ഏനാത്ത് മുതൽ കുളനട വരെ ഇരുപതിലേറെ സ്ഥലങ്ങളിലാണ് കൈയേറ്റം. അതിർത്തി നിശ്ചയിച്ച് സർക്കാർ സ്ഥാപിച്ച സർവേക്കല്ലുകൾ നിലനിൽക്കെയാണ് കൈയേറ്റം.
മെഡിക്കൽ മിഷൻ വില്ലേജ് ഓഫിസിന് മുന്നിലും കൈയേറ്റം വ്യാപകമാണ്. ഇവിടെ കൈയേറ്റം മൂലമുണ്ടായ സ്ഥലപരിമിതിയെ തുടർന്നുണ്ടായ അപകടങ്ങൾ നിത്യസംഭവമാണ്. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തവിധം കൈയേറ്റം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.
എം.സി റോഡിൽ ഏക്കർ കണക്കിന് സ്ഥലം കൈയേറിയതായി കെ.എസ്.ടി.പി നേരത്തേ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇവ തിരികെ പിടിക്കുമെന്ന പ്രഖ്യാപനം എങ്ങും എത്തിയില്ല. ഇതിനിടെയാണ് കൂടുതൽ സ്ഥലങ്ങൾ കൈയേറുന്നത്.
നാലുവരിപ്പാത വികസനത്തിന്റെ ഭാഗമായി എം.സി റോഡിൽ ഇരുവശത്തും കെട്ടിട നിർമാണത്തിന് അനുമതി നൽകാതെ സർക്കാർ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, അനുമതി ഇല്ലാതെതന്നെ പലരും കെട്ടിടങ്ങൾ പണിമുയർത്തുകയാണ്. നാലുവരിപ്പാത വികസനവും എങ്ങുമെത്തിയിട്ടില്ല.
കുന്നുകൾ നിലംപൊത്തി
എം.സി റോഡരികിൽ തല ഉയർത്തി നിന്ന കുന്നുകളെല്ലാം മണ്ണ് മാഫിയ ഇടിച്ചുനിരത്തി. വീട് നിർമാണ നിയമത്തിന്റെ മറവിലാണ് നടപടി. മിക്കയിടത്തും വീടുകൾ ഉയർന്നിട്ടില്ല. മണ്ണെടുക്കൽ നിയമം ശക്തമായതോടെ അനധികൃതമായാണ് ഇപ്പോഴത്തെ നടപടികൾ. രാത്രിയിൽ നിലംനികത്തലാണ് പ്രധാന പരിപാടി.
സർക്കാർ പതിച്ചുനൽകിയ ഒന്നര ഏക്കറോളം ഭൂമി അന്യരുടെ പക്കലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. എം.സി റോഡിനു സമീപത്ത് കോടികൾ വില ലഭിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയത്.
അടൂരിനും പന്തളത്തിനും ഇടയിൽ മിത്രപുരം ഭാഗത്ത് പുതിയ ബാർ നിർമാണത്തിന്റെ പേരിൽ കുന്നുകൾ ഇടിച്ചുനിരത്തുകയാണ് നിയമങ്ങൾ പാലിക്കാതെ രാവിലെയും വൈകീട്ടും മണ്ണുമായി ലോറികൾ എം.സി റോഡിലൂടെ പറയുമ്പോൾ റോഡിൽ മണ്ണ് തെറിച്ചുവീണ് അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്. താലൂക്ക് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് മണ്ണ് കടത്തൽ. പാറ, മണ്ണ്, റിയൽ എസ്റ്റേറ്റ് മാഫിയയിൽനിന്ന് മാസപ്പടിയും മറ്റും പറ്റുന്നവരാണ് ഇവർ.
താലൂക്കിലെ വയലുകൾ മിക്കവയും റിയൽ എസ്റ്റേറ്റ് മാഫിയ സ്വന്തമാക്കിക്കഴിഞ്ഞു. കുന്നുകൾ ഇടിച്ചുനിരത്തിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനമാണ്. തുടർച്ചയായ പരാതികളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.